സജി ചെറിയാന്റെ വിവാദ പ്രസംഗം കിട്ടാനില്ലെന്ന് പൊലീസ്; പ്രസംഗത്തിന്റെ മുഴുനീള വീഡിയോ പുറത്ത് വിട്ട് ബിജെപി നേതാവ്

സജി ചെറിയാന്റെ വിവാദ പ്രസംഗം കിട്ടാനില്ലെന്ന് പൊലീസ്; പ്രസംഗത്തിന്റെ മുഴുനീള വീഡിയോ പുറത്ത് വിട്ട് ബിജെപി നേതാവ്

ആലപ്പുഴ: ഭരണഘടനാ അധിക്ഷേപ പ്രസംഗത്തിൽ മുന്‍ മന്ത്രി സജി ചെറിയാനെതിരായ കേസ് ഒതുക്കിതീര്‍ക്കാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ കിട്ടാനില്ലെന്ന പൊലീസിന്റെ വിശദീകരണത്തിന് പിന്നാലെ പ്രസംഗത്തിന്റെ മുഴുനീള വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ച്‌ ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി.

രണ്ട് മണിക്കൂറും 28 മിനിറ്റും 59 സെക്കന്‍ഡും ദൈര്‍ഘ്യം ഉള്ളതാണ് സന്ദീപ് വചസ്പതി പോസ്റ്റ് ചെയ്ത വീഡിയോ. കഴിഞ്ഞ 10 ദിവസമായി ഈ വീഡിയോയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. 'സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താല്‍ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമര്‍പ്പിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് സന്ദീപ് വചസ്പതി വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ഭരണഘടന വിരുദ്ധ പരാമര്‍ശം അടങ്ങിയ സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവന്‍ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്ന് പൊലീസിന് സംഘാടകര്‍ മൊഴി നല്‍കിയിരുന്നു. പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാനെതിരെ നല്‍കിയ കേസില്‍ സി.പി.എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്തുപേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

ഏരിയാ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ബിനു വര്‍ഗീസ്, കണ്‍വീനര്‍ കെ. രമേശ് ചന്ദ്രന്‍ തുടങ്ങിയവരുടെ മൊഴിയാണെടുത്തത്. 20 പേര്‍ക്ക് ഇന്ന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. രണ്ട് മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ തങ്ങളുടെ കൈവശം ദൃശ്യങ്ങള്‍ ഇല്ലെന്നാണ് ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിശദീകരണം.
ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്ത ദൃശ്യം വിവാദമായതിനെ തുടര്‍ന്ന് നീക്കം ചെയ്തുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോഗ്രാഫറും വീഡിയോ കൈവശമില്ലെന്നാണ് മറുപടി നല്‍കിയത്. ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്ത വീഡിയോ വീണ്ടെടുക്കാന്‍ പൊലീസ് സൈബര്‍ ഫോറന്‍സിക് വിഭാഗത്തിനെ സമീപിക്കും.

സന്ദീപ് വചസ്പതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: 




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.