മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നത് മാനവികതയോടുള്ള വെല്ലുവിളി
‘‘എന്റെ വിജയങ്ങളെ നോക്കിയല്ല, പിന്നെയോ എന്റെ പല വീഴ്ചകളെയും അവയിൽ നിന്നു ഞാൻ എപ്രകാരം എഴുന്നേറ്റ് ജീവിതത്തിൽ മുന്നേറി എന്നതിനെയും നോക്കി എന്നെ വിലയിരുത്തുക". ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ പോരാടിയ ഇതിഹാസമായ നെൽസൺ മണ്ടേലയുടെ വാക്കുകളാണിത്.
നെൽസൺ മണ്ടേലയുടെ ബഹുമാനാർത്ഥം യു.എൻ ആഘോഷിക്കുന്ന അന്താരാഷ്ട്ര ദിനമാണ് മണ്ടേല ദിനം. മണ്ടേലയുടെ ജന്മദിനമായ ജൂലായ് 18 നാണ് മണ്ടേല ദിനം ആഘോഷിക്കുന്നത്. 2009 ലാണ് യുണൈറ്റഡ് നേഷൻസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2010 ജൂലായ് 18 നാണ് ആദ്യ മണ്ടേല ദിനം ആഘോഷിച്ചത്. ആഗോളമായി പ്രവർത്തിക്കാനുള്ള ആഹ്വാനവും, ഓരോ മനുഷ്യനും ലോകം മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നും ഒരു പ്രഭാവം ഉണ്ടാക്കാമെന്നുമുള്ള ആശയമാണ് മണ്ടേല ദിനം മുന്നോട്ടു വയ്ക്കുന്നത്.
ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനും പ്രാദേശിക സമൂഹത്തിൽ സേവനം ചെയ്യാൻ 67 മിനിറ്റ് സമയം ഉപയോഗിക്കാനും മണ്ടേല ദിന സന്ദേശം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. 67 മിനിറ്റ് എന്നത് പ്രതീകാത്മകമായി മണ്ടേല മനുഷ്യാവകാശങ്ങൾക്കായി പോരാടിയ വർഷങ്ങളെയും വർണ്ണവിവേചനം നിർത്തലാക്കുന്നതിനെയും പ്രതിനിധീകരിക്കുന്നു.
എക്കാലത്തേയും ഏറ്റവും സ്വാധീനമുള്ള പൗരാവകാശ വ്യക്തികളിൽ ഒരാളായി നെൽസൺ മണ്ടേലയെ ആളുകൾ ആഗോള വ്യാപകമായി കാണുന്നു. സാമൂഹ്യനീതിക്ക് വേണ്ടി വാദിക്കുകയും ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത പ്രസിഡന്റാകുകയും ലോകത്തിന് ഒരു പുതിയ തത്ത്വചിന്ത സംഭാവന ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖരിൽ ഒരാളായി മണ്ടേലയെ മാറ്റി.
ജയിലിൽ ആയിരിക്കുമ്പോൾ നെൽസൺ മണ്ടേല കവി വില്യം ഏണസ്റ്റ് ഹെൻലിയുടെ "ഇൻവിക്റ്റസ്" എന്ന കവിത സഹ തടവുകാർക്ക് വേണ്ടി ഉച്ചത്തിൽ വായിക്കുമായിരുന്നു. "ഞാൻ എന്റെ വിധിയുടെ യജമാനനാണ്, ഞാൻ എന്റെ ആത്മാവിന്റെ നായകനാണ്" എന്നായിരുന്നു ആ വരികൾ. പ്രശസ്ത നടൻ മോർഗൻ ഫ്രീമാൻ മണ്ടേലയായി അഭിനയിച്ച സിനിമയുടെ പേരും "ഇൻവിക്റ്റസ്" എന്നായിരുന്നു. ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
അസാദ്ധ്യമായതിനെ സാദ്ധ്യമാക്കുകയായിരുന്നു മണ്ടേല. എത്ര തവണ നിലംപതിച്ചുവെന്നതിലല്ല, എത്ര തവണ ഉയര്‍ത്തെഴുന്നേല്‍ക്കാനായി എന്നതിലാണ് മണ്ടേല മനുഷ്യന്റെ മഹത്വം ദര്‍ശിച്ചത്. അതു തന്നെയാണ് മണ്ടേലയുടെ ജീവിതം നമുക്ക് നല്‍കുന്ന സന്ദേശവും.1993 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഉൾപ്പെടെ 700 ഓളം അവാർഡുകൾ തന്റെ ജീവിതകാലത്ത് അദ്ദേഹത്തിനു ലഭിച്ചു.
ഭിന്നതകള്‍ക്കിടയിലൂടെ യോജിപ്പിലേക്ക് സംക്രമിക്കുന്നൊരു പാരസ്പര്യമായിരുന്നു മണ്ടേലക്ക് മനുഷ്യബന്ധങ്ങൾ. സഹജീവിതം അസാദ്ധ്യമാക്കിയ, ഗോത്രാതിര്‍ത്തികള്‍ ലംഘിച്ചു മുന്നോട്ടുപോയ മണ്ടേലക്ക് മനുഷ്യബന്ധങ്ങള്‍ക്കിടയിലെ വിരുദ്ധ ഭാവങ്ങളെയും ആവിഷ്‌കാരങ്ങളെയും അനായാസേന മറികടക്കാനായി. വെറും രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ തലത്തില്‍ ഇതിനെ നോക്കിക്കാണാനാവില്ല.
സ്‌പോർട്സിനെ ഇഷ്ടപ്പെടുന്ന അദ്ദേഹം തന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അവ ഉപയോഗിച്ചു. കായികരംഗത്തിന് ലോകത്തെ മാറ്റാൻ ശക്തിയുണ്ടെന്നും, അതിന് പ്രചോദനം നൽകാനുള്ള കഴിവുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. മറ്റെന്തെങ്കിലും ചെയ്യുന്ന രീതിയിൽ ആളുകളെ ഒന്നിപ്പിക്കാൻ ഇതിന് ശക്തിയുണ്ട്. സ്‌പോർട്സിലൂടെ യുവാക്കൾക്ക് അവർ ആഗ്രഹിക്കുന്ന ഭാഷയിൽ സംസാരിക്കാൻ സാധിക്കുമെന്ന് മണ്ടേല വിശ്വസിച്ചു. ഒരു കാലത്ത് നിരാശ മാത്രം ഉണ്ടായിരുന്നിടത്ത് കായികരംഗത്തിന് പ്രതീക്ഷ സൃഷ്ടിക്കാൻ കഴിയും. വംശീയ തടസ്സങ്ങൾ തകർക്കുന്നതിൽ ഇത് സർക്കാരിനേക്കാൾ ശക്തമായി പ്രവർത്തിക്കുമെന്നും മണ്ടേല കരുതി.
ലോകത്തെ പ്രകമ്പനം കൊള്ളിച്ച സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ മുഖത്തു പോലും വ്യക്തിയുടെയും സ്വേച്ഛാധിപത്യ പ്രവണതകളും ആധിപത്യത്തിലെത്തുകയും ജനാധിപത്യ പ്രക്രിയ തടസ്സപ്പെടുകയും ചെയ്തപ്പോള്‍ നിയമ വ്യവസ്ഥയിലൂടെയും ബഹുകക്ഷി സമ്പ്രദായത്തിലൂടെയും നയിക്കപ്പെടുന്നൊരു ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്.
മണ്ടേലക്ക് ഭരണഘടനയായിരുന്നു പ്രാമുഖ്യം. ഭരണഘടനയുണ്ടാക്കിയ വ്യക്തികളേക്കാള്‍ പ്രാധാന്യം ഭരണഘടനക്ക് നല്കിയതുകൊണ്ട് അധികാരം മണ്ടേലയെ മത്തു പിടിപ്പിച്ചില്ല. തന്റെ സമകാലീനരായിരുന്ന നിരവധി ഭരണാധികാരികളില്‍ നിന്ന് ഇത് മണ്ടേലയെ വ്യത്യസ്തനാക്കി. അഞ്ചുവര്‍ഷത്തെ ഭരണത്തിനുശേഷം അദ്ദേഹം അധികാരമൊഴിഞ്ഞു. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തു പോലും ഇന്നും കുടുംബവാഴ്ച ഒരു പ്രശ്‌നമായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഗോത്രാധിപത്യത്തിലേക്കു നീളുന്ന ഇത്തരം പരാവര്‍ത്തനങ്ങളില്‍ നിന്ന് മണ്ടേല സ്വയം മാറി നിന്നു.
വര്‍ണ്ണവിമോചനത്തിന്റെ കൂരിരുട്ടില്‍ നിന്നും സ്വതന്ത്ര്യത്തിന്റെ ഉജ്ജ്വല പ്രകാശത്തിലേയ്ക്ക് അദ്ദേഹം ദക്ഷിണാഫ്രിക്കയെ നയിച്ചു. അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗത്തിന് സ്വാതന്ത്ര്യത്തിന്റേതായ സ്വപ്നങ്ങൾ പകർന്ന് വിവേചനത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിക്കാൻ അവർക്ക് ഊർജം നൽകി അദ്ദേഹം നടത്തിയ രാഷ്ട്രീയ ഇടപെടലുകളിൽ ആവേശം കൊള്ളാത്തവർ കുറവായിരിക്കും.
"നിങ്ങൾ എവിടെയാണെങ്കിലും നിങ്ങൾക്ക് ഉള്ളതു കൊണ്ട്, നിങ്ങൾക്ക് കഴിയാവുന്നത് ചെയ്യുക" എന്നതാണ് ഈ വർഷത്തെ മണ്ടേല ദിനത്തിന്റെ മുദ്രാവാക്യം. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെയും സ്വാതന്ത്ര്യ സമരങ്ങളുടെയും എക്കാലത്തെയും വലിയ പ്രതീകമായാണ് ലോകം മണ്ടേലയെ കാണുന്നത്. പദവികളെയല്ല മനുഷ്യനെയാണ് മണ്ടേല എന്നും ആദരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ മനുഷ്യനും മനുഷ്യത്വത്തിനും മാത്രമായിരുന്നു എന്നും സ്ഥാനം. വഹിച്ച പദവികളേക്കാള്‍, പുലര്‍ത്തിയ മനോഭാവം കൊണ്ട് ലോകമെങ്ങുമുള്ള മനസ്സില്‍ വെളിച്ചമായി നിറഞ്ഞു കത്താന്‍ ആ കറുത്ത സൂര്യന് കഴിഞ്ഞതും അതുകൊണ്ടു തന്നെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.