കൊച്ചി: മാർപ്പാപ്പയേയും സീറോ മലബാർ സിനഡിനെയും അനുസരിക്കാതെ സഭാവിരുദ്ധമായി പ്രവർത്തിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗം തികഞ്ഞ സഭാ വിരുദ്ധവും അധാർമികവുമായ ഒന്നാണെന്ന് സംയുക്ത സഭാസംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. ശനിയാഴ്ച കലൂർ റിന്യൂവൽ സെൻററിൽ ചേർന്ന പാസ്റ്ററൽ കൗൺസിൽ യോഗത്തെ അപലപിച്ചുകൊണ്ടും പാസ്റ്ററൽ സെക്രട്ടറിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംയുക്ത സഭാസംരക്ഷണ സമിതി പ്രതിഷേധ സൂചകമായി കറുത്ത റിബൺ ധരിച്ച് നിൽപ്പ് സമരം നടത്തി.
മാർപ്പാപ്പയുടെ ആഹ്വാനം അനുസരിച്ച് ഏകീകൃത കുർബാനക്രമം അതിരൂപതയിൽ നടപ്പിലാക്കുക, മേലധികാരികളെ ബഹുമാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത പാസ്റ്ററൽ കൗൺസിൽ, അതിരൂപത കൂരിയ എന്നിവ പിരിച്ചുവിടുക, സഭാസിനഡ് തീരുമാനം അനുസരിച്ച് കുർബാന അർപ്പണം നടത്തിയ ഫാ.സെലസറ്റ്യൻ ഇഞ്ചയ്ക്കലിനെതിരെയുള്ള നടപടി പിൻവലിക്കുക, നിരന്തരം അച്ചടക്ക ലംഘനം നടത്തി വരുന്ന മെത്രാപ്പോലീത്തൻ വികാരിയെ മെത്രാൻ പദവിയിൽ നിന്ന് ഉടൻ നീക്കം ചെയ്യുക എന്നീ വിവിധ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ട് വച്ചത്.
സീറോ മലബാർ സഭാതലവൻ മേജർ ആർച്ച് ബിഷപ്പിൻ്റെയും, മാർപ്പാപ്പയുടെ പ്രതിനിധിയായ പൗരസ്ത്യ തിരുസംഘം അധ്യക്ഷൻ്റെയും കോലം കത്തിക്കാൻ നേതൃത്വം നൽകിയ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും അല്ലാത്തപക്ഷം ഇദ്ദേഹത്തെ സഭാനേതൃത്വം പുറത്താക്കണമെന്നും സമിതി നേതാക്കൾ ആവശ്യപ്പെട്ടു.
സമിതി കോർഡിനേറ്റർ കെ.ആർ സണ്ണി അധ്യക്ഷത വഹിച്ചു. ഷൈബി പാപ്പച്ചൻ, ജോണി തോട്ടക്കര, ജെയിംസ് എലവുംകുടി ,ബിജു നെറ്റിക്കാടൻ, ഒ.ഡി സേവ്യർ, പോൾ ചെതലൻ, ജോമോൻ ആരക്കുഴ, ജോൺസൺ മാത്യു, വി.എ അഗസ്റ്റിൻ, ഡേവീസ് ചൂരമന, ലിജോയ് പോൾ, ഷിജോ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.