ദുബായ്: റഡാർ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നതിനായി വന്‍ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങള്‍ക്കായി 300 കോടി ദിർഹത്തിന്‍റെ ഫണ്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം.
കാലാവസ്ഥാ പ്രവചനമടക്കമുളള വിവിധ മേഖലകളില്‍ കൃത്യമായ നിരീക്ഷണം സാധ്യമാകുന്ന ഉപഗ്രഹങ്ങളുടെ പരമ്പര വികസിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ. അറബിയില്‍ പക്ഷിക്കൂട്ടം എന്നർത്ഥം വരുന്ന സിർബ് എന്ന പേരിലാണ് ആദ്യ റഡാർ ഉപഗ്രഹ പദ്ധതി രൂപപ്പെടുത്തിയത്. ഇത് യാഥാർത്ഥ്യമായാല്‍ സിന്തെറ്റിക് അപേർച്ചർ റഡാർ (എസ്.എ.ആർ) സാറ്റലൈറ്റ് വികസിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകും യു.എ.ഇ. രാജ്യത്തിന്‍റെ വൈസ് പ്രഡിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ട്വിറ്ററിലൂടെ പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.
അത്യാധുനിക ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നത് വഴി എണ്ണ ചോർച്ച കണ്ടെത്താനും സമുദ്ര കപ്പലുകൾ ട്രാക്കുചെയ്യാനും വിള വിളവ് നിരീക്ഷിക്കാനും കഴിയും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനും സാങ്കേതികവിദ്യയിൽ പുതിയ പ്രതിഭകളെ കണ്ടെത്താനും ഈ ചുവടുവയ്പ് സഹായകരമാകുമെന്ന് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്‌നോളജി സഹമന്ത്രിയും യുഎഇ ബഹിരാകാശ ഏജൻസി ചെയർമാനുമായ സാറ അൽ അമീരി പറഞ്ഞു. ആറ് വർഷമാണ് പദ്ധതിയുടെ കാലയളവ്.
മൂന്ന് വർഷത്തിനുളളില്‍ ആദ്യ ഉപഗ്രഹ വിക്ഷേപണം നടത്തും.കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതിക സുസ്ഥിരത, മികച്ച ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് റഡാർ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.