ചിന്താമൃതം: കൊടുങ്കാറ്റിലും പിടിവിടാത്ത ഇണക്കിളികൾ

ചിന്താമൃതം: കൊടുങ്കാറ്റിലും പിടിവിടാത്ത ഇണക്കിളികൾ

അതിശക്തമായ കൊടുങ്കാറ്റ്. മരച്ചില്ലകൾ ആടിയുലയുന്നു. ഇവിടെ ഒരു കമ്പിയിൽ മെയ്യോട് മെയ്യ് ചേർന്നിരുന്ന് തങ്ങളുടെ ചിറകുകൾ പരസ്പരം കോർത്ത് കാറ്റിനെതിരെ ചെറുത്ത് നിൽക്കുന്ന രണ്ട് ഇണപ്പക്ഷികൾ. പരസ്പരം താങ്ങും തണലുമായി, അതിജീവനത്തിനായി പൊരുതുന്ന ഈ രണ്ട് പക്ഷികളുടെ വീഡിയോ പങ്കുവെച്ചത് ഛത്തീസ്ഗഡിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായ ദിപാൻഷു കബ്രെയാണ്. ട്വിറ്ററിൽ ഈ കുഞ്ഞ് വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഹിന്ദിയിൽ എഴുതിയ അടിക്കുറിപ്പ് വളരെ ശ്രദ്ധേയമാണ്.

जीवन में कितने भी आँधी-तूफान आयें, जो सच में अपने होते हैं, वो और मज़बूती से साथ खड़े होते हैंI

ജീവിതത്തിൽ എത്ര കൊടുങ്കാറ്റുകൾ വന്നാലും,സത്യത്തിൽ നമ്മെ സ്നേഹിക്കുന്നവർ കൂടുതൽ ശക്തിയോടെ നമ്മോടൊപ്പം നിൽക്കും.

സാങ്കല്പിക സ്നേഹം (വർച്യുൽ ലവ്) ധാരാളം വ്യക്തികളെ നിരാശയിലേക്ക് നയിക്കുന്ന ഈ കാലഘട്ടത്തിൽ ഈ വാക്കുകളും വിഡിയോയും വളരെ പ്രസക്തമാണ്. പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. പക്ഷെ ആ പ്രതിസന്ധികളിൽ തങ്ങൾക്കൊപ്പം ഉറച്ച് നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹിതർ, അവരാണ് യഥാർത്ഥ ബന്ധുക്കൾ.
നീണ്ട വർഷങ്ങളായി ഒരു പ്രവാസിയായി ജോലി ചെയ്ത് തൻറെ കുടുംബം പോറ്റുന്ന ഒരു സഹോദരി പങ്കുവെച്ച അനുഭവം ഓർമയിലേക്ക് വരുന്നു. നിയമപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ 5 വർഷമായി നാട്ടിൽ പോകാതെ, ഭർത്താവിനെയും മക്കളെയും കാണാനാവാതെ കണ്ണീരോടെ ജോലി ചെയ്ത് ഇന്നും അവർ വീട്ടുചെലവുകൾ നടത്തുന്നു. മക്കളുടെ പഠന ചെലവുകൾ, വീട്ടുവാടക, വീട്ടുചെലവുകൾ ഇതിനെല്ലാം പുറമെ സ്വന്തക്കാരെയും ബന്ധുക്കളെയും സഹായിക്കാനും അവർ ശ്രമിക്കുന്നുണ്ട്. ഒരിക്കൽ നാട്ടിൽ പോയാൽ വീണ്ടും ഒരിക്കലും ഈ രാജ്യത്തേക്ക് മടങ്ങി വരാൻ സാധിക്കില്ലെന്നും തൻറെ ജോലിയും ധനാഗമ മാർഗങ്ങളും ഉണ്ടാവില്ലെന്നും അറിയാവുന്ന ഇവർ എല്ലാം സഹിച്ച് പിടിച്ചു നിൽക്കുന്നു.

കഠിനമായ മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുമ്പോൾ അവർ ഭർത്താവിനോട് താൻ നാട്ടിലേക്ക് പോരുകയാണ് എന്ന് പറയാറുണ്ട്. പക്ഷെ അപ്പോഴെല്ലാം ഭർത്താവ് അവരെ ശകാരിക്കും, "നീ ഇങ്ങോട്ട് വരുന്നതെന്തിനാ, വന്നാൽ ഇവിടുത്തെ കാര്യങ്ങളൊക്കെ എങ്ങനെ നടക്കും." ഭാര്യയുടെ ശമ്പളം കൊണ്ട് ഒരു ജോലിയും ചെയ്യാതെ നാട്ടിൽ സുഭിക്ഷമായി ജീവിക്കുന്ന ഭർത്താവ് ഒരിക്കൽ പോലും തന്നോട് അനുകമ്പാപൂർവം സംസാരിക്കാറില്ലെന്ന് അവർ പറഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി.

ഒറ്റപ്പെടലിന്റെ, വേർപാടിൻറെ, അവഗണനയുടെ, സ്നേഹരാഹിത്യത്തിൻറെ തിക്താനുഭവങ്ങൾ അനുഭവിക്കുന്ന ധാരാളം വ്യക്തികളെ കണ്ടുമുട്ടാറുണ്ട്. തന്നോട് ഒന്ന് സ്നേഹത്തോടെ സംസാരിക്കാൻ, തൻറെ കദന കഥകൾ ഒന്ന് കേൾക്കാൻ, ജീവിതത്തിൽ കൊടുങ്കാറ്റുകളും കോളിളക്കങ്ങളുമുണ്ടാകുമ്പോൾ തന്നോട് ചേർന്ന് നിൽക്കുന്ന, തന്നെ ചേർത്ത് നിർത്തുന്ന, തന്നെ ശക്തിപ്പെടുത്തുന്ന, തന്നെ ആശ്വസിപ്പിക്കുന്ന കൂട്ടുകാരും ബന്ധുക്കളും പലർക്കും ഇന്നും ഒരു മരീചിക മാത്രം.

നിരാശയിലായിരിക്കുന്നവർക്ക് പ്രചോദനം നൽകുന്നതാണ് ബൈബിളിൽ വിവരിച്ചിരിക്കുന്ന ജോബിന്റെ ജീവിതം. ജീവിതത്തിൻറെ തകർച്ചകളിൽ ഭാര്യയും, മക്കളും, കൂട്ടുകാരും, സമ്പത്തും എല്ലാം നഷ്ടപ്പെട്ടിട്ടും ദൈവം അദ്ദേഹത്തെ ഉപേക്ഷിച്ചില്ല, അല്ല ദൈവത്തെ അദ്ദേഹം ഉപേക്ഷിച്ചില്ല എന്ന് പറയുന്നതാവും കൂടുതൽ അഭികാമ്യം. ജീവിത്തിൽ ഒറ്റപ്പെടലിൻറെ നൊമ്പരം പേറുന്നവരേ നിങ്ങളോട് ചേർന്നു നില്ക്കാൻ, നിങ്ങളെ ചേർത്ത് നിർത്താൻ ദൈവത്തിൻറെ ചിറകുകൾ എപ്പോഴും ഉണ്ടാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.