ഉവാള്‍ഡെ സ്‌കൂള്‍ വെടിവയ്പ്പില്‍ പൊലീസിന്റെയും സ്‌കൂള്‍ സുരക്ഷാ വിഭാഗത്തിന്റെയും വീഴ്ച്ച ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോര്‍ട്ട്

ഉവാള്‍ഡെ സ്‌കൂള്‍ വെടിവയ്പ്പില്‍ പൊലീസിന്റെയും സ്‌കൂള്‍ സുരക്ഷാ വിഭാഗത്തിന്റെയും വീഴ്ച്ച ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോര്‍ട്ട്

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 21 പേരുടെ മരണത്തിന് ഇടയാക്കിയ ഉവാള്‍ഡെ സ്‌കൂള്‍ വെടിവയ്പ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് സേനാംഗങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം. ആക്രമണം മുന്നില്‍ കണ്ട് പ്രതിരോധം തീര്‍ക്കുന്നതില്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരാജയപ്പെട്ടെന്ന് ഞായറാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമസമയത്തിന് മുന്‍പും തുടര്‍ന്നും സ്വീകരിച്ചത് 'വളരെ മോശം തീരുമാനങ്ങള്‍' ആയിരുന്നെന്നും മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാവസ്ഥ നീണ്ടു നില്‍ക്കാന്‍ ഇത് കാരണമായെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. 400 ഓളം നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

റോബ് എലിമെന്ററി സ്‌കൂളിലെ നാലാം ക്ലാസ് മുറികള്‍ക്കുള്ളില്‍ തോക്കുധാരി വെടിയുതിര്‍ത്തപ്പോള്‍ പുറത്തുണ്ടായിരുന്ന ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ അമ്പരപ്പിക്കുന്ന നിഷ്‌ക്രിയത്വം പാലിച്ചു. അക്രമിയെ കീഴ്‌പ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 21 പേര്‍ മരിച്ചു വീഴുന്നതു വരെ കാത്ത് നില്‍ക്കേണ്ടിവന്നെന്നും 80 പേജുള്ള റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.



തോക്കുധാരി കെട്ടിടത്തിനുള്ളില്‍ ഏകദേശം 142 റൗണ്ട് വെടിയുതിര്‍ത്തപ്പോഴും സ്വന്തം സുരക്ഷയാണ് നിയമപാലകര്‍ നോക്കിയത്. നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും ആരും കമാന്‍ഡ് ഏറ്റെടുത്തില്ല. കുട്ടികള്‍ പേടിച്ച് ക്ലാസ്മുറികളില്‍ ഒറ്റപ്പെട്ട് പോയിട്ടും ആരും അകത്തുകടന്ന് അവരെ രക്ഷപെടുത്താന്‍ ശ്രമിച്ചില്ല. 75 മിനിറ്റുകള്‍ക്ക് ശേഷമാത്രമാണ് അക്രമിയെ വെടിവച്ച് കൊലപ്പെടുത്താന്‍ പൊലീസിനായതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ട്.

അക്രമി ആയുധവുമായി സ്‌കൂളില്‍ പ്രവേശിച്ചത് സുരക്ഷാ ജീവനക്കാരുടെ വീഴ്ച്ചയായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌കൂളിലേക്ക് കടന്നുവരുന്ന അപരിചിതരെ തിരിച്ചറിഞ്ഞ് പരിശോധിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമായിരുന്നു. മാത്രമല്ല സംഭവത്തിന് ശേഷം പരസ്പര വിരുദ്ധമായ പ്രസ്താവനങ്ങളാണ് സുരക്ഷാ ജീവനക്കാരില്‍ നിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ട്.

അതേസമയം ടെക്‌സാസ് പൊലീസ് റിപ്പോര്‍ട്ടില്‍ പ്രതികരണം നടത്തിയില്ല. റിപ്പോര്‍ട്ടിനൊപ്പം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.