യുഎഇ: ഊർജ്ജ സഹകരണ കരാറുള്‍പ്പടെ നിർണായകമായ 10 കരാറുകളില്‍ ഒപ്പുവച്ച് ഫ്രാന്‍സും യുഎഇയും. ഉക്രൈയിനിലെ യുദ്ധ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുളള ഇന്ധനവിതരണം വെട്ടിക്കുറയ്ക്കുന്നതടക്കമുളള കാര്യങ്ങളിലേക്ക് യൂറോപ്പ് നീങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള എണ്ണ, പ്രകൃതിവാതക വിതരണം ഉറപ്പാക്കുന്നതാണ് കരാർ.
ഊഷ്മളമായ സ്വീകരണമാണ് യുഎഇ രാഷ്ട്രപതിയ്ക്ക് ഫ്രാന്‍സില്‍ ലഭിച്ചത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണ്‍ നേരിട്ടെത്തി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.
എല്ലാ തരത്തിലുമുളള ഊർജ്ജസഹകരമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്, ഊർജ്ജ സുരക്ഷയെ പിന്തുണയ്ക്കാന്‍ യുഎഇ പ്രതിജ്ഞാ ബദ്ധമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഊർജ്ജസുരക്ഷയുടെ വെല്ലുവിളികളെ നേരിടാന്‍ യുഎഇയുമായുളള കരാർ തങ്ങള്‍ക്ക് സഹായകരമാകുമെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മേയർ പ്രസ്താവനയില്‍ പറഞ്ഞു.
രാഷ്ട്രപതിയായതിന് ശേഷമുളള ഷെയ്ഖ് മുഹമ്മദിന്‍റെ ആദ്യ വിദേശ പര്യടനമാണിത്. ഫ്രാന്‍സിലെ സൈനിക മ്യൂസിയമായ ലെസന്‍ വാലീഡ് അദ്ദേഹം സന്ദർശിക്കുകയും സൈന്യത്തിന്‍റെ ഗാർഡ് ഓണർ സ്വീകരിക്കുകയും ചെയ്തു. നെപ്പോളിയന്‍റെ ശവകൂടീകരവും രാഷ്ട്രപതി സന്ദർശിച്ചു.
ഊർജ്ജമുള്‍പ്പടെയുളള തന്ത്രപ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജീസും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിലുള്ള ഊർജ വിതരണം ഉറപ്പാക്കുന്നതിനുള്ള കരാറും സഹകരണത്തില്‍ ഉള്‍പ്പെടുമെന്ന് സാമ്പത്തികമന്ത്രാലയം അറിയിച്ചു. 2023 ല്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന കോപ് 28 ലെ സഹകരണമുള്‍പ്പടെയുളള കാര്യങ്ങള്‍ കൂടികാഴ്ചകളില്‍ വിഷയമായി.
ഫ്രാന്‍സിന്‍റെ ദേശീയ ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ലെജിയന്‍ ഓഫ് ഓണർ ഫ്രഞ്ച് പ്രസിഡന്‍റ് യുഎഇ രാഷ്ട്രപതിക്ക് സമ്മാനിച്ചു. ഫ്രഞ്ച് പ്രസിഡന്‍റിന് യുഎഇയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓർഡർ ഓഫ് സായിദ് ഷെയ്ഖ് മുഹമ്മദും സമ്മാനിച്ചു.
ഫ്രഞ്ച് ഉന്നതതല സംഘവുമായി ഷെയ്ഖ് മുഹമ്മദ് കൂടികാഴ്ച നടത്തും.
തന്ത്ര പ്രധാന സഖ്യകക്ഷിയെന്ന് ആണ് ഫ്രഞ്ചിലെഴുതിയ ട്വീറ്റില്‍ ഷെയ്ഖ് മുഹമ്മദ് ഫ്രാന്‍സിനെ വിശേഷിപ്പിച്ചത്. ആത്മസുഹൃത്തായ മക്രോണിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷണമെന്നും ട്വീറ്റില്‍ ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.