രൂപയുടെ ഇടിവ് തുടരുന്നു; ഡോളറിനെതിരേ മൂല്യം 80 കടന്നു

രൂപയുടെ ഇടിവ് തുടരുന്നു; ഡോളറിനെതിരേ മൂല്യം 80 കടന്നു

മുംബൈ: ചരിത്ര തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. യുഎസ് ഡോളറിനെതിരെ വീണ്ടും റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരേ മൂല്യം 80 കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 79.97 എന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. ഇന്ന് 79.98 എന്ന നിലയില്‍ പ്രാദേശിക കറന്‍സി വ്യാപാരം ആരംഭിച്ചതിന് ശേഷം 80.0175 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു രൂപ.

അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാര ക്കമ്മിയും രൂപയുടെ മൂല്യത്തെ തളര്‍ത്തി. ഈ വര്‍ഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനമാണ് ഇടിഞ്ഞത്. വിദേശ നിക്ഷേപം കുറഞ്ഞതുമൂലമുള്ള, ആഭ്യന്തര ഓഹരികളിലെ ഇടിവും ക്രൂഡ് ഓയില്‍ വില വര്‍ധനയും നിക്ഷേപകരെ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് രൂപയുടെ വിനിമയ മൂല്യം ഇടിയാനും കാരണമായി.

രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലേക്ക് എത്തിയതോടെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചു. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചു, പെട്രോള്‍, ഡീസല്‍, എടിഎഫ് എന്നിവയുടെ കയറ്റുമതിയുടെ നികുതി വര്‍ദ്ധന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായും ഉയര്‍ത്തി. ഇറക്കുമതി നിയന്ത്രിക്കുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.