തിരുവനന്തപുരം: കെ.എസ് ശബരീനാഥ് എം.എല്‍.എയെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. വലിയതുറ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറി. പ്രദേശത്ത് വലിയ തോതില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തത്തെ തുടര്‍ന്നുള്ള അറസ്റ്റില്‍ ദുരൂഹത ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ശംഖുമുഖം പൊലീസ് സ്റ്റേഷനില്‍ വി.എസ് ശിവകുമാര്‍, പാലോട് രവി, എം.വിന്‍സെന്റ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും എത്തിയിട്ടുണ്ട്.
പൊലീസ് വാഹനത്തിന് മുകളിലും പ്രവര്‍ത്തകര്‍ കയറി പ്രതിഷേധിക്കുകയാണ്. കെപിസിസി ഭാരവാഹികളും എംഎല്‍എമാരും പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വലിയ രീതിയിലുള്ള ഉന്തും തള്ളുമാണ് നടക്കുന്നത്. പൊലീസ് ഗേറ്റ് അടക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു.
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. പ്രതിഷേധം പോലും നേരിടാനാകാത്ത ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പൊലീസും പൊലീസ് സംവിധാനങ്ങളും അടിമകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ശബരീനാഥനെതിരായ കേസ് കെട്ടിച്ചമച്ചതാണ്. ശബരീനാഥനെ സാക്ഷിയായി വിളിച്ചു വരുത്തിയ ശേഷം വ്യാജ രേഖകള്‍ ഉണ്ടാക്കി അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
അതേസമയം ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിലും വലിയ ഗൂഢാലോചന നടന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയതിന് ശേഷമാണ് ശബരീനാഥന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കേസ് പരിഗണിക്കുന്നത് വരെ ശബരീനാഥന്റെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് രാവിലെ 11ന് കേസ് പരിഗണിച്ചപ്പോഴാണ് ശബരീനാഥന്‍ അറസ്റ്റിലായെന്ന വിവരം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
ശബരിനാഥ് പൊലീസ് സ്റ്റേഷനില്‍ എത്തിയത് 10.30നാണ്. 10.50ന് അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാരും പൊലീസും നടത്തുന്നതെന്നും അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യാജമാണെന്നും ഇവര്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.