നീറ്റ് വിവാദം: ആയൂര്‍ മാര്‍ത്തോമാ കോളജില്‍ വന്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തം, ലാത്തിച്ചാര്‍ജ്

നീറ്റ് വിവാദം: ആയൂര്‍ മാര്‍ത്തോമാ കോളജില്‍ വന്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തം, ലാത്തിച്ചാര്‍ജ്

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളെ പരിശോധന നടപടിയുടെ പേരിൽ അടിവസ്ത്രമഴിപ്പിച്ച് അപമാനിച്ച സംഭവത്തിൽ കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ വിദ്യാര്‍ഥി- യുവജന സംഘടനകളുടെ പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷം.

എസ്‌എഫ്‌ഐ, കെഎസ് യു, എബിവിപി, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ച് അതിരുവിട്ടതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു.

എന്നാൽ നീറ്റ് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കോളജിന്റെ ഭാഗത്തുനിന്നും തെറ്റായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു മാർച്ചുമായി വിദ്യാര്‍ഥി സംഘടനകൾ രംഗത്തെത്തിയത്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് യുവജന സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നത്.

യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ഇവര്‍ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ പൊലീസ് ലാത്തിവീശി. അതിനിടെ ചില പ്രവര്‍ത്തകര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു.

പിന്നാലെ എബിവിപി, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി. ഇവരും ക്യാംപസിനകത്തേക്ക് പ്രവേശിച്ചപ്പോൾ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ലാത്തിച്ചാർജിൽ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

അതേസമയം സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഉണ്ടായത് മോശം അനുഭവമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അടിവസ്ത്രം നിര്‍ബന്ധിച്ച്‌ അഴിപ്പിച്ചു, മുടി മുന്നിലേക്ക് ഇട്ടാണ് പരീക്ഷ എഴുതിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കുട്ടികള്‍ ഹാളില്‍ ഇരുന്ന് കരയുകയായിരുന്നു. പരീക്ഷയ്ക്ക് ശേഷവും മോശം പെരുമാറ്റം അനുഭവപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുനെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ പറഞ്ഞു. പൊലീസ് ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ച്‌ പ്രതികളെ കണ്ടുപിടിക്കേണ്ടതായിരുന്നു. ആരൊക്കെയാണ് പരീക്ഷ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് എന്നത് കണ്ടെത്തുവാന്‍ അധിക സമയം എടുക്കേണ്ട ആവശ്യകതയില്ല. ആരെയെങ്കിലും സംരക്ഷിനാണ് സമയം നീട്ടിക്കൊണ്ടുപോകുന്നത് എന്നതില്‍ ആശങ്കയില്ലാതില്ല. എത്രയും പെട്ടന്ന് ആളിനെ കണ്ടെത്തി കേസെടുക്കണമെന്ന്
കോണ്‍ഗ്രസ് നേതാവ് ആവിശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.