തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്ക് നേരെ വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെ തടയുന്നതിനിടെ ഭാഗമായി 'കൂട്ട്' പദ്ധതിയുമായി സർക്കാർ. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ട് എന്ന പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരള പൊലീസിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ സൈബര്‍ സുരക്ഷക്കായി 'കൂട്ട്' പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് മഹാമാരിയെതുടര്‍ന്ന് ഫോണിന്‍റെ ഉപയോഗം കൂടിയതോടെ കുട്ടികള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നല്‍കി ഓണ്‍ലൈന്‍ ചൂഷണങ്ങളെ ശക്തമായി നേരിടാന്‍ സജ്ജമാക്കുക എന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ലക്ഷ്യം.
പദ്ധതിയുടെ രണ്ടാം ഘട്ടമായി കേരളത്തിലെ പി ഹണ്ട് റെയ്ഡുകള്‍ കൂടിയ ജില്ലകളില്‍ അസോസിയേഷന്‍ ഫോര്‍ വോളന്റിയര്‍ ആക്ഷന്‍ ജില്ലാ പോലീസുമായി സഹകരിച്ച് കൗണ്‍സിലിങ് സെന്ററുകള്‍ സ്ഥാപിക്കും. കുറ്റകൃത്യങ്ങള്‍ക്കിരയായ കുട്ടികളെ ജിവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, കുട്ടികള്‍ക്കാവശ്യമായ നിയമസഹായം നല്‍കി കുറ്റകൃത്യങ്ങള്‍ക്കെതിരായി ശക്തമായി പോരാടാന്‍ അവരെ പൂര്‍ണമായി സജ്ജമാക്കുക എന്നതാണ് ഈ ഘട്ടം ലക്ഷ്യമിടുന്നത്.
മെറ്റ ( ഫേസ്ബുക്ക്), ചൈല്‍ഡ് ലൈന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ബ്ലൂ ചിപ്പ് ( കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്ന സംഘടന ), മാക് ലാബ്സ് ( സൈബര്‍ അവയര്‍നസ് നല്‍കുന്ന സംഘടന), ഇന്‍കര്‍റോബോട്ടിക്സ്, ബോധിനി, ഇന്ത്യ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍, സൈബര്‍ സുരക്ഷ ഫൗണ്ടേഷന്‍ ( എന്‍.ജി.ഒ) എന്നിവരുടെ സഹകരണത്തോടെയാണ് 'കൂട്ട്' പദ്ധതി നടപ്പാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v