കീഴടക്കുക-മലകളെയല്ല, മനസിനെ

കീഴടക്കുക-മലകളെയല്ല, മനസിനെ

1953 മെയ് 29 രാവിലെ 9.30ന്, ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 28988 അടി ഉയരത്തില്‍, ഹിമാലയത്തിന്റെ കഴുത്തില്‍, 30 പൗണ്ട് തൂക്കമുള്ള ബാഗും തോളിലേറ്റി, സഹചാരിയായ ടെന്‍സിങ് നോര്‍ഗേയോടൊപ്പം, 40 അടി ഉയരമുള്ള കൂറ്റന്‍ മഞ്ഞുപാറയുടെ ഉച്ചിയിലേക്കു നോക്കി എഡ്മണ്ട് ഹിലരി അലറി:( Hey ,Himalaya, you have fully grown; But I am still growing )ഹേ ഹിമാലയം നീപൂര്‍ണമായി വളര്‍ന്നു കഴിഞ്ഞു; എന്നാല്‍ ഞാന്‍ വളര്‍ന്നു കൊണ്ടേയിരിക്കുകയാണ്.
പിന്നീട് ''ഹിലരിയുടെ കാലടി'' എന്നു ചരിത്രം പേരുകൊത്തിയ ആ 40 അടി ഹിമപാളിക്കു മുകളില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് അവര്‍ വലിഞ്ഞു കയറിയപ്പോള്‍ 1953 മെയ് 29 രാവിലെ 11.30 എന്ന സമയം ചരിത്ര ത്തില്‍ നിശ്ചലമായി!

ഉയരങ്ങള്‍ കീഴടക്കാനുള്ള മനുഷ്യചേതനയുടെ സ്വാഭാവിക വാഞ്ഛയ്ക്ക് ഉത്തമനി ദര്‍ശനമായി, ഹിലരിയും ടെന്‍സിങും ചേര്‍ന്ന് ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ ഹിമാലയത്തിന്റെ നെറുകയില്‍ പാറിച്ചു! ടെന്‍സിങ്, നേപ്പാളില്‍ നിന്നു കൊണ്ടു വന്ന കുറേ മിഠായികള്‍, കുഴിച്ചിട്ടപ്പോള്‍, ടീം ലീഡറായിരുന്ന ജോണ്‍ ഹണ്ട് സമ്മാനം നല്‍കിയ കുരിശു രൂപമാണ് ഹിലരി, ലോകത്തിന്റെ ശിരസില്‍ എവറസ്റ്റിന്റെ നെറുകയില്‍ ഉയര്‍ത്തിയത്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയില്‍ ആദ്യമായി കാലുകുത്തിയ എഡ്മണ്ട് ഹിലരി എന്ന ചരിത്ര പുരുഷന്റെ പിറന്നാളാണ് ജൂലൈ 20. 1919 ജൂലൈ 20ന് ന്യൂസിലന്‍ഡിലെ ഓക്ലാന്‍ഡിലാണ് എഡ്മണ്ട് പേഴ്സിവല്‍ ഹിലരിയുടെ ജനനം. 88-ാം വയസില്‍ 2008 ജനുവരി 11ന് അദ്ദേഹം അത്തരിച്ചു.
''ചെറിയ പ്രതിസന്ധികളില്‍ പോലും മനസു പതറി പിന്മാറുന്നവര്‍ക്കും, വെല്ലുവിളികളെ നേരിടാന്‍ മനോബലം ഇല്ലാത്തവര്‍ക്കുമുള്ള ഒന്നാം പാഠമാണ് എഡ്മണ്ട് ഹിലരിയുടെ ജീവിതം. ''നീ പരിശ്രമം നിര്‍ത്തുന്നതുവരെ നീ പരാജയപ്പെട്ടിട്ടില്ല''എന്ന് സ്വയം പറഞ്ഞ് ഹിമാലയത്തിന്റെ തണുത്തുറഞ്ഞ ഹിമപാതകള്‍ താണ്ടിയ ധീര വ്യക്തിത്വമാണ് ഹിലരിയുടേത്.

എവറസ്റ്റിനു മുകളില്‍ 15 മിനിറ്റുകള്‍ ചെലവഴിച്ചപ്പോള്‍ അദ്ദേഹം ടെന്‍സിങിനോടു പറഞ്ഞു: ''മലകളെയല്ല നാം കീഴടക്കുന്നത്, നമ്മുടെ മനസിനെത്തന്നെയാണ്'' ഏറ്റവും ഉയരത്തിലെത്തുമ്പോള്‍ മനുഷ്യന്‍ ഏറ്റവും വിനീതനാകുന്നതിന്റെ ദൃശ്യവും നാം ദര്‍ശിക്കുന്നു. എവറസ്റ്റില്‍ കാലു കുത്തിയ മനുഷ്യന്റെ ഫോട്ടോയില്‍ നാം കാണുന്നത് ഹിലരിയെയല്ല, ടെന്‍സിങിനെയാണ്! കാരണം, ഹിലരിക്കു മാത്രമേ കാമറ ഉപയോഗിക്കാന്‍ അറിയുമായിരുന്നുള്ളു. ''അങ്ങയുടെ ചിത്രം എടുക്കാന്‍ എന്നെ പഠിപ്പിക്കൂ' എന്നു പറഞ്ഞിട്ടും ഹിലരി സമ്മതിച്ചില്ല, എന്നും ''ലോകം ടെന്‍സിങിനെ കാണട്ടെ'' എന്ന ഹിലരിയുടെ വാക്കുകളും ടെന്‍സിങിന്റെ ആത്മകഥയിലെ വികാര നിര്‍ഭരമായ വിവരണങ്ങളാണ്.

''കയറും തോറും ലോകം നിന്നെ കാണും എന്നു കരുതി, മലകയറരുത്, നിനക്ക് ലോകത്തെ കാണാം എന്നു കരുതി കയറുക'' എന്നു പറയുന്ന ഹിലരിയുടെ വ്യക്തിത്വം വളര്‍ച്ചയുടെ പടവുകള്‍ കയറുന്നവര്‍ മറക്കരുത്.

സ്ഥിരമായി പരിശ്രമിച്ചാല്‍ ഏതു പ്രതിസന്ധികളെയും അതിജീവിക്കാം എന്നു പഠിപ്പിച്ച ഹിലരിയുടെ കൂടെ തൊട്ടുതാഴെവരെ വലിയൊരു സംഘം കൂടെയുണ്ടായിരുന്നു! ''ഒരു വിജയവും ആരും ഒറ്റയ്ക്കു നേടു ന്നില്ല'' എന്ന ഹിലരി സൂക്തം നമുക്കും പാഠമാക്കാം. ''ജീവിതം ഒരു മലകയറ്റമാണ്. ഒരിക്കലും താഴേക്കു നോക്കരുത്'' എന്ന ഹിലരി മൊഴികളില്‍ ഹിമാലത്തിന്റെ ദാര്‍ശനിക മുഴക്കവുമുണ്ട്.

ഫാ. റോയി കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും

ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.