പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ വീടിനുള്ളില്‍ മൂന്നു പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പില്‍ബാര മേഖലയിലാണ് പ്രദേശവാസികളെ നടുക്കിയ അതിദാരുണമായ സംഭവമുണ്ടായത്. വീടിന് തീപിടിച്ചാണ് ഏഴും പത്തും വയസും അഞ്ച് മാസം പ്രായവുമുള്ള കുട്ടികള്‍ മരിച്ചത്. ദുരൂഹമായ സംഭവത്തില്‍ ഒരാളെ കസ്റ്റിഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
പില്‍ബാര മേഖലയിലെ പോര്‍ട്ട് ഹെഡ്ലാന്‍ഡ് നഗരത്തില്‍ ആന്‍ഡേഴ്‌സണ്‍ സ്ട്രീറ്റിലാണ് ഇന്നലെ വൈകിട്ട് നാലരയോടെ ഒറ്റനില വീടിന് തീപിടിച്ചത്. സംഭവമറിഞ്ഞ് ഉടന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിയെങ്കിലും വീടിനകത്ത് പ്രവേശിക്കാന്‍ കഴിയാത്ത വിധം തീ ആളിക്കത്തിയിരുന്നു. തീ നിയന്ത്രണവിധേയമായതോടെ വീടിനുള്ളില്‍ പ്രവേശിച്ച അഗ്‌നിശമനസേനാംഗങ്ങളാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ക്രിമിനല്‍ അന്വേഷണം നടക്കുകയാണെന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്ഗോവന്‍ ഇന്നു രാവിലെ പറഞ്ഞു.
'തീര്‍ച്ചയായും ഇത് സഹിക്കാനാകാത്ത ദുരന്തമാണ്. മൂന്ന് കുട്ടികളുടെ ജീവന്‍ അതിദാരുണമാംവിധം നഷ്ടപ്പെട്ടത് അവിശ്വസനീയമാംവിധം സങ്കടകരമാണ് - പ്രീമിയര്‍ പറഞ്ഞു.
മരിച്ച കുട്ടികളുടെ അമ്മ തീപിടിത്തത്തെതുടര്‍ന്ന് ചികിത്സയിലാണ്. പോലീസിന്റെ അന്വേഷണത്തോട് ഇവര്‍ സഹകരിക്കുന്നുണ്ട്. ദുരന്തവാര്‍ത്ത കുട്ടികളുടെ പിതാവിനെ അറിയിച്ചതായി പോലീസ് പറഞ്ഞു.
അതേസമയം, വീടിന് എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്നു വ്യക്തമായിട്ടില്ല. ഈ വലിയ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷണത്തിലാണെന്ന് ആക്ടിംഗ് ഡെപ്യൂട്ടി കമ്മീഷണര്‍ അലന്‍ ആഡംസ് പറഞ്ഞു.
മൂന്നു കുഞ്ഞുങ്ങള്‍ വെന്തു മരിച്ച സംഭവം പ്രദേശവാസികളില്‍ വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്. പാവകളും പൂക്കളും വീടിനു മുന്നില്‍ സമര്‍പ്പിച്ച് നിരവധി പേര്‍ കുഞ്ഞുങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.