തീ ചൂളയ്ക്ക് സമാനമായി യൂറോപ്പ്: ഉഷ്ണതരംഗത്തില്‍ മരണം 1500 കവിഞ്ഞു; പല രാജ്യങ്ങളിലും രേഖപ്പെടുത്തിയത് റെക്കോഡ് ചൂട്

തീ ചൂളയ്ക്ക് സമാനമായി യൂറോപ്പ്: ഉഷ്ണതരംഗത്തില്‍ മരണം 1500 കവിഞ്ഞു; പല രാജ്യങ്ങളിലും രേഖപ്പെടുത്തിയത് റെക്കോഡ് ചൂട്

പാരീസ്: യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം അതിന്റെ ഏറ്റവും ഉയരത്തിലെത്തി. മിക്ക രാജ്യങ്ങളിലും റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. കാട്ടുതീ പടരുന്നതും മഴയുടെ അഭാവവും യൂറോപ്പിനെ തീ ചൂളയ്ക്ക് സമാനമാക്കി. ചൂടു മൂലം 1500 ലേറെ മരണങ്ങളാണ് ഇതുവരെ യൂറോപ്പിലുടനീളം റിപ്പോര്‍ട്ട് ചെയ്തത്. വരും ആഴ്ച്ചകളിലും ചൂട് അതിന്റെ അതി തീവ്രതയിലേക്ക് ഉയരുമെന്ന് കലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും കൂടിയ താപനിലയായ 44 ഡിഗ്രി സെല്‍ഷ്യസില്‍ നില്‍ക്കുമ്പോള്‍ വേനലിന്റെ വറുതിയില്‍ ഉരുകുകയാണ് ജനം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ യൂറോപ്പിന്റെ ഘടനയെ തന്നെ ബാധിച്ചു. തെക്കന്‍ യൂറോപ്പിലെ, ഏറ്റവും പ്രചാരമുള്ള അവധിക്കാല വിനോദ കേന്ദ്രങ്ങളില്‍ തീവ്ര ചൂടില്‍ ജനം ഉരുകുകയാണ്.

കാട്ടുതീ മിക്ക രാജ്യങ്ങളെയും പ്രദേശങ്ങളെയും വിഴുങ്ങിക്കളഞ്ഞു. ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ കാട്ടുതീ നിയന്ത്രണാധീതമായി വ്യാപിക്കുകയാണ്. തീ അണയ്ക്കാന്‍ ആയിരക്കണക്കിന് അഗ്നിശമന സേന രാവും പകലും ആക്ഷീണം പരിശ്രമിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നില്ല.



തെക്കന്‍ ഫ്രാന്‍സില്‍ 27,180 ഏക്കറിലധികം സ്ഥലത്ത് തീ പടര്‍ന്നതിനെത്തുടര്‍ന്ന് 14,000 ത്തിലധികം ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം 15 ജില്ലകളില്‍ റെഡ് അലര്‍ട്ടുകളും 51 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകളും പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച 40.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. രാജ്യത്ത് ഇരുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് ഫ്രാന്‍സിലെ ബിഎഫ്എം ടിവി റിപ്പോര്‍ട്ട് ചെയ്തു.

ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ഹീത്രൂ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് സമീപം 40 അടുത്ത് ചൂട് രേഖപ്പെടുത്തി. 2019 ല്‍ 38.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായിരുന്നു ഇതിനു മുന്‍പുള്ള ഏറ്റവും ഉയര്‍ന്ന താപനില. ചൂടിനില്‍ ആശ്വാസം തേടി തടാകങ്ങളിലും ജലസംഭരണികളിലും ശരീരം നനയ്ക്കാന്‍ ഇറങ്ങിയ അഞ്ചു പേര്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തെക്ക് ലണ്ടന്‍ മുതല്‍ വടക്ക് മാഞ്ചസ്റ്റര്‍, ലീഡ്‌സ് വരെയ 'അതിശക്തമായ' ചൂട് ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ കലാവസ്ഥ വിഭാഗം പുറപ്പെടുവിച്ചു. ആരോഗ്യമുള്ള ആളുകള്‍ക്ക് പോലും മരണം സംഭവിച്ചേക്കാമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. കാട്ടുതീ പ്രതിരോധിക്കാന്‍ അഗ്നിശമന സേന തീവ്രശ്രമത്തിലാണെന്ന് അഗ്‌നി സുരക്ഷാ മേധാവി സ്റ്റീഫന്‍ മക്കെന്‍സി പറഞ്ഞു.



ഇറ്റലിയിലെ താപനില ഇപ്പോള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 10 ഡിഗ്രി ഉയരത്തിലാണ്. 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. വെള്ളം ലാഭിക്കുന്നതിനായി മിലാനും വെനീസും പൊതു ജലധാരകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ത്തി. അഞ്ച് പ്രദേശങ്ങളില്‍ വരള്‍ച്ച അടിയന്തരാവസ്ഥ നിലവിലുണ്ട്. കഠിനമായ വരള്‍ച്ചയുടെ ഭീഷണിയാണ് സംസ്ഥാനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. റോമില്‍ 43 ഡിഗ്രി സെല്‍ഷ്യസും സിസിലിയിലും 42 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.

സ്‌പെയ്‌നില്‍ ജൂലൈ 10 നും 17 നും ഇടയില്‍ 360 ലധികം പേര്‍ ചൂടു മൂലം മരിച്ചു. ഇതില്‍ 84 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചവരാണ്. ഞായറാഴ്ച്ച താപനില 42 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നു. സ്‌പെയ്‌നിലെയും റെക്കോഡ് താപനിലയാണിത്. രാജ്യത്ത് 30 ഇടങ്ങളില്‍ ഇപ്പഴും തീ ആളിപ്പടരുകയാണെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടുത്തത്തെത്തുടര്‍ന്ന് സ്‌പെയിനിലെ മിജാസില്‍, മലാഗ മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍ നിന്ന് 3,000 ആളുകള്‍ പലായനം ചെയ്തു. തീ നിയന്ത്രണ വിധേയമാക്കാനായില്ലെങ്കില്‍ മിജാസ് പ്രവിശ്യയില്‍ 22,000 ഏക്കറിലധികം ഭൂമി കത്തിനശിക്കും.

പോര്‍ച്ചുഗലിലെ മധ്യ, വടക്കന്‍ മേഖലകളിലുടനീളം കാട്ടുതീ അതിവേഗം പടരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജൂലൈ ഏഴിനും 13 നും ഇടയില്‍ 238 ആളുകളും ജൂലൈ 14 നും 17 നും ഇടയില്‍ 421 ലധികം ആളുകളും ചൂടു മൂലം മരിച്ചു. സ്‌പെയ്‌നിലും പോര്‍ച്ചുഗലിലും മാത്രം ജൂലൈ ഇതുവരെ ആയിരത്തിലേറെ ആളുകള്‍ ചൂടുമൂലം മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ രാജ്യം സജ്ജമാകണമെന്ന് പോര്‍ച്ചുഗലിന്റെ ആരോഗ്യ അതോറിറ്റി മേധാവി ഗ്രാക്കാ ഫ്രീറ്റാസ് മുന്നറിയിപ്പ് നല്‍കി.



ചെക്ക്‌റിപ്പബ്ലിക്കും ചൂടില്‍ വെന്തുരുകുന്നു. ചൊവ്വാഴ്ച 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. ഇത് ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു.

ഈ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ചൂട് പിടിമുറുക്കും. സാഹചര്യത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍ കാണുന്നത്. കഴിവതും ആളുകള്‍ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്കാണ് മിക്ക രാജ്യങ്ങളും നീങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.