അറുപത്തിയേഴാം മാർപാപ്പ വി. ബോനിഫസ് നാലാമന്‍ (കേപ്പാമാരിലൂടെ ഭാഗം-68)

അറുപത്തിയേഴാം മാർപാപ്പ വി. ബോനിഫസ് നാലാമന്‍ (കേപ്പാമാരിലൂടെ ഭാഗം-68)

ഏഴു വര്‍ഷത്തോളം സഭയെ ധീരമായി നയിച്ചുവെങ്കിലും വളരെ ചുരുങ്ങിയ വിവരങ്ങള്‍ മാത്രമേ ബോനിഫസ് നാലാമന്‍ മാര്‍പ്പാപ്പയെക്കുറിച്ച് ലഭ്യമായിട്ടുള്ളു. ബോനിഫസ് മൂന്നാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തയുടനെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ബോനിഫസ് നാലാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പത്തു മാസത്തോളം വി. പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞുകിടന്നു. റോമിന്റെ മെത്രാനായി അഭിഷേകം ചെയ്യപ്പെടുവാനായി രാജകീയ അംഗീകാരം കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്നും ലഭിക്കുവാനുണ്ടായ താമസമാണ് ഈ ഒഴിവിന് കാരണം. ചക്രവര്‍ത്തിയുടെ അംഗീകാരം ലഭിച്ചയുടനെ ഏ.ഡി. 608 ആഗസ്റ്റ് 25-ാം തീയതി ബോനിഫസ് മാര്‍പ്പാപ്പ റോമിന്റെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.

മഹാനായ ഗ്രിഗറി മാര്‍പ്പാപ്പയുടെ അനുയായി ശിഷ്യനുമായിരുന്ന ബോനിഫസ് മാര്‍പ്പാപ്പ വി. പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ അദ്ദേഹം റോമിലെ തന്റെ ഭവനം മോണസ്റ്ററിയായി രൂപാന്തരപ്പെടുത്തുകയും ഗ്രിഗറി മാര്‍പ്പാപ്പയെപ്പോലെ സന്യാസികളെ അനുകൂലിക്കുകയും സന്യാസജീവിതത്തെയും താപസ്സജീവിതത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സന്യാസജീവിതത്തെ സംബന്ധിച്ച സന്യാസനിയമാവലികളും ചട്ടങ്ങളും ക്രമീകരിക്കുന്നതിനായി അദ്ദേഹം ഏ.ഡി. 610-ല്‍ ഒരു സിനഡ് വിളിച്ചു ചേര്‍ത്തു.

റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഫോക്കാസുമായും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഹെരാക്ലിയസുമായും ബോനിഫസ് മാര്‍പ്പാപ്പ ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നു. റോമിലെ പ്രസിദ്ധമായ സര്‍വ്വദേവതക്ഷേത്രത്തെ ദേവാലയമാക്കുന്നതിനും പ്രസ്തുത ദേവാലയത്തെ പരിശുദ്ധ ദൈവമാതാവിനും സകല രക്തസാക്ഷികള്‍ക്കുമായി സമര്‍പ്പിക്കുവാനും ഫോക്കാസ് ചക്രവര്‍ത്തി മാര്‍പ്പാപ്പയ്ക്ക് അനുവാദം നല്‍കി. എന്നിരുന്നാലും തുടര്‍ച്ചയായ ക്ഷാമവും മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ബോനിഫസ് മാര്‍പ്പാപ്പയുടെ ഭരണകാലത്തെ അസഹ്യപ്പെടുത്തുന്ന സംഭവവികാസങ്ങളായിരുന്നു. തന്റെ മുന്‍ഗാമിയായ ഗ്രിഗറി മാര്‍പ്പാപ്പയെപ്പോലെതന്നെ പാവങ്ങളുടെ പക്ഷംചേര്‍ന്ന് അവരുടെ ഉന്നമനത്തിനായി അദ്ദേഹവും പ്രവര്‍ത്തച്ചു. ബോനിഫസ് നാലാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 615 മെയ് 8-ാം തീയതി ദിവംഗതനാവുകയും വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.