ടെഹ്‌റാന്‍: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശ പശ്ചാത്തലത്തില്‍ പശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് മറുപടിയായി ഇറാനും തുര്‍ക്കിയും റഷ്യയ്‌ക്കൊപ്പം കൈകോര്‍ക്കുന്നത് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുള്ള താക്കീതും വെല്ലുവിളിയുമായേക്കും. സമീപകാലത്തുവരെ വിരുദ്ധ ചേരികളിലായിരുന്ന മൂന്ന് രാജ്യങ്ങളും ഇപ്പോള്‍ കൈകോര്‍ക്കുന്നതിന് പിന്നില്‍ വെറും സൗഹൃദം മാത്രമല്ല തന്ത്രപരമായ ഒട്ടേറെ മാനങ്ങള്‍ ഉണ്ടെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.
സഖ്യരാഷ്ട്രങ്ങള്‍ക്ക് ചൈനയോടുള്ള അടുപ്പം അമേരിക്കയ്ക്ക് ബദലായി മറ്റൊരു അച്ചുതണ്ട് ശക്തിയുടെ വളര്‍ച്ചയായും ഈ സംഖ്യത്തെ കാണേണ്ടതായുണ്ട്. മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറാന്റെ എതിരാളികളായ ഇസ്രായേലും സൗദി അറേബ്യയും സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ നടന്ന കൂടിച്ചേരലിന് അന്താരാഷ്ട്ര മാനങ്ങള്‍ ഏറെയാണ്.
റഷ്യക്കും ഇറാനും ഇടയില്‍ വളര്‍ന്നു വരുന്ന സുഹൃദബന്ധം വളരെ ആശങ്കയോടെയാണ് അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നത്. ഇവര്‍ക്കൊപ്പം നാറ്റോ അംഗമായ തുര്‍ക്കിയും കൂടി ചേരുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം ടെഹ്‌റാനില്‍ കണ്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്സി, തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗാന്‍ തുടങ്ങിയവരാണ് ടെഹ്‌റാനില്‍ കൈ കോര്‍ത്തത്.
ടെഹ്‌റാനില്‍ എത്തിയ പുടിനെയും എര്‍ദോഗനെയും സൈനിക ബഹുമതികളോടെയായിരുന്നു ഇറാന്റെ സ്വീകരണം. ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനി, പ്രസിഡന്റ് ഇബ്രാഹിം റെയ്സി എന്നിവരുമായും ടെഹ്റാനില്‍ പുടിന്‍ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 24 ന് ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം മുന്‍ സോവിയറ്റ് യൂണിയന്‍ പ്രദേശം വിട്ട് പുടിന്‍ നടത്തുന്ന ആദ്യ വിദേശ യാത്രകൂടിയായിരുന്നു ടെഹ്‌റാനിലേക്കുള്ളത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം
ഒരു കാലത്ത് ശത്രുരാജ്യങ്ങളായിരുന്ന റഷ്യയും ഇറാനും തുര്‍ക്കിയും ഇപ്പോള്‍ കൈകോര്‍ക്കുന്നതിന് പിന്നിലെ ലക്ഷ്യം ബദല്‍ ശക്തി രൂപപ്പെടുത്തുക എന്നതാണ്. നാറ്റോ അംഗമായ തുര്‍ക്കി മുമ്പ് സിറിയയിലും ലിബിയയിലും റഷ്യക്കെതിരെ ഏറ്റുമുട്ടുകയും ഉക്രെയ്ന്‍ സേനയ്ക്ക് ഡ്രോണുകള്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ലോക രാജ്യങ്ങള്‍ക്കുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച് റഷ്യയും ഇറാനും തമ്മില്‍ മത്സരം പോലും നിലവിലുണ്ട്. ഈ പശ്ചാത്തലത്തില്‍ മൂന്ന് രാജ്യങ്ങളുടെയും ഒത്തു ചേരല്‍ കൗതുകത്തോടെയാണ് ലോകം കാണുന്നത്.
വ്ളാഡിമര്‍ പുടിന്റെ ഉക്രെയ്ന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നതായിരുന്നു ഇറാന്റെ ആദ്യ പ്രതികരണം. ഉക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചിരുന്നില്ലെങ്കില്‍ നാറ്റോ സൈനിക സഖ്യത്തില്‍ നിന്ന് റഷ്യ ആക്രമണം നേരിടേണ്ടിവരുമായിരുന്നു എന്ന് ഇറാന്‍ നേതാവ് അലി ഖമേനി പറഞ്ഞു. ഇത് പുടിന്റെ അധിനിവേശ കാഴ്ച്ചപ്പാടിനെ ന്യായീകരിക്കുന്നതിന് തുല്യമായിരുന്നു.
റഷ്യയെ സഹായിക്കാന്‍ ഇറാന്‍ നൂറുകണക്കിന് ആളില്ലാ വിമാനങ്ങളും ആയുധങ്ങളും നല്‍കാന്‍ തയ്യാറെടുക്കുകയാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ നേതാക്കളുമായി പുടിന്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവിനെ ഉദ്ധരിച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
'ഉക്രേനിയക്കാരെ കൊല്ലാന്‍ റഷ്യ ഇറാനുമായി സഖ്യം ശക്തമാക്കുന്നത് ലോകം മുഴുവന്‍ ഉറ്റുനോക്കേണ്ടതും ആഴത്തിലുള്ള ഭീഷണിയായി കാണേണ്ടതുമാണ്,' എന്നായിരുന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞത്. ഇറാനിയന്‍ ഡ്രോണുകള്‍ റഷ്യയ്ക്ക് ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ആയുധങ്ങളായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ലണ്ടനിലെ യുദ്ധ വിദഗ്ധനായ ജാക്ക് വാട്ട്ലിംഗ് അഭിപ്രായപ്പെടുന്നത്.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്സി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗാന്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുന്നു.
മാത്രമല്ല ആയുധ സംവിധാനങ്ങളുടെ നിര്‍മ്മാണത്തില്‍ റഷ്യയുമായി സഹകരിക്കാന്‍ ഇറാനെ പ്രാപ്തമാക്കും. ആണവ പദ്ധതിയില്‍ റഷ്യയുടെ പരിചയ സമ്പത്ത് പ്രയോജനപ്പെടുത്താമെന്നും ഇറാന്‍ കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ഇറാനില്‍ നിന്ന് റഷ്യക്ക് പഠിക്കാനാകുന്ന ചില പാഠങ്ങള്‍ ഉണ്ടായിരിക്കാം. പകരമായി, റഷ്യയ്ക്ക് സൈനിക സാമഗ്രികളും അസംസ്‌കൃത വസ്തുക്കളും ധാന്യങ്ങളും വാഗ്ദാനം ചെയ്യാം,' അദ്ദേഹം പറഞ്ഞു.
സഹകരണത്തിന്റെ ഇത്തരം സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ രണ്ട് രാജ്യങ്ങളും എണ്ണ, വാതക ഉല്‍പ്പാദകരാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ ചൈനയിലേക്കും ഇന്ത്യയിലേക്കും കൂടുതല്‍ എണ്ണ കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം ശക്തമായിരുന്നു. എന്നിരുന്നാലും, പുടിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്, നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയും റഷ്യയുടെ ഗാസ്പ്രോമും ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
അതേസമയം, 2015 ലെ ഇറാനിയന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളോടുള്ള റഷ്യയുടെ സമീപനത്തെ ഉക്രെയ്ന്‍ യുദ്ധം മാറ്റിമറിച്ചു. ഇറാന്റെ ആണവ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പകരമായി ഉപരോധം നീക്കിയ കരാര്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.