യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം റാഷിദ് റോവർ നവംബറില്‍ വിക്ഷേപിക്കും

യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം റാഷിദ് റോവർ നവംബറില്‍ വിക്ഷേപിക്കും

ദുബായ്: യുഎഇയുടെ ആദ്യചാന്ദ്രദൗത്യമായ റാഷിദ് റോവർ നവംബറില്‍ വിക്ഷേപിക്കും.ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്നായിരിക്കും വിക്ഷേപണം. ഹകുതോ-ആർ റോബട്ടിക് ലൂണാർ ലാൻഡറില്‍ സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് കുതിക്കുക.

ചാന്ദ്രമധ്യരേഖയ്ക്ക് സമീപമായിരിക്കും റോവർ ഇറങ്ങുക. മുന്‍പ് പഠനവിധേയമായിട്ടില്ലാത്ത ചന്ദ്രോപരിതലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും റാഷിദ് റോവർ പകർത്തുമെന്നാണ് വിലയിരുത്തല്‍. ഇതിനായി ചന്ദ്രനിലെ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ പ്രാപ്തമായ ക്യാമറകളാണ് റാഷിദ് റോവറിലുളളത്. 

ചന്ദ്രനിൽ മനുഷ്യവാസം എങ്ങനെ നിർമ്മിക്കാമെന്നതിനെക്കുറിച്ചുള്ള സമഗ്രവും സംയോജിതവുമായ പഠനങ്ങൾ നടത്താൻ ഉതകുന്ന ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കുന്നതിലൂടെ ചന്ദ്രനിലേക്കുളള കൂടുതല്‍ പഠനയാത്രകള്‍ ഭാവിയില്‍ നടത്താനാകുമെന്നുളളതാണ് വിലയിരുത്തല്‍. ചന്ദ്രനിലെ മണ്ണ്, അന്തരീക്ഷം, താപനിലയിലെ വ്യത്യാസങ്ങള്‍ തുടങ്ങിയവയെ കുറിച്ചുളള വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 


ചന്ദ്രനില്‍ പര്യവേക്ഷണം ചെയ്യപ്പെടാത്ത മാരേ ഫ്രിഗോറിസ് അഥവാ സീ ഓഫ് കോള്‍ഡ് എന്നറിയപ്പെടുന്ന സ്ഥലത്താണ് റോവർ ഇറങ്ങുക. ചന്ദ്രോപരിതലത്തില്‍ പരന്നതും ഇരുണ്ടതുമായ സമതലമാണ് ഇത്.
ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിന്‍റെ മേല്‍നോട്ടത്തില്‍ വികസിപ്പിക്കുന്ന ലാന്‍റർ വിക്ഷേപണത്തിന് മുന്‍പ് ജർമ്മനിയില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് എത്തിക്കും. അന്തിമഘട്ട പരിശോധനകള്‍ക്കായാണ് ഇത്. 

രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യത്തിനായി പേലോഡ് ഡെലിവറി സേവനങ്ങൾ നൽകുന്നതിന് ഐസ്പേസുമായി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്‍റെ (എംബിആർഎസ്‌സി) നേരത്തെ കരാർ ഒപ്പിട്ടിരുന്നു. റോവറിന്‍റെ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്ന പരിശോധനകള്‍ പുരോഗമിക്കുകയാണ്. നവംബർ ആദ്യത്തോടെ തന്നെ വിക്ഷേപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസ്പേസ് ഫൗണ്ടറും സിഇഒയുമായ തകേഷി ഹക്കാമദ പറഞ്ഞു.

ദുബായുടെ അന്തരിച്ച മുന്‍ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് അല്‍ മക്തൂമിന്‍റെ ഓ‍ർമ്മയ്ക്കായാണ് റാഷിദ് റോവറിന് ആ പേര് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.