ദേഹ പരിശോധന പരിശീലനം യൂട്യൂബ് വഴി; പരിശോധന നടത്തിയത് കേറ്ററിങ് ജീവനക്കാര്‍ ഉള്‍പ്പടെ: ഗുരുതര വീഴ്ച ഉണ്ടായതായി പൊലീസ്

ദേഹ പരിശോധന പരിശീലനം യൂട്യൂബ് വഴി; പരിശോധന നടത്തിയത് കേറ്ററിങ് ജീവനക്കാര്‍ ഉള്‍പ്പടെ: ഗുരുതര വീഴ്ച ഉണ്ടായതായി പൊലീസ്

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷാ നടത്തിപ്പുകാര്‍ക്കു ഗുരുതര വീഴ്ച ഉണ്ടായതായി പൊലീസ്. ഉന്നത തല നിര്‍ദേശത്തെ തുടര്‍ന്നു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകര്‍, സ്വകാര്യ ഏജന്‍സി അധികൃതര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

ശാസ്താംകോട്ട ചക്കുവള്ളി സ്വദേശികളായ രണ്ട് വിദ്യാര്‍ഥിനികള്‍ കൂടി ഇന്നലെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പിച്ചത് തിരുവനന്തപുരത്തെ സ്റ്റാര്‍ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തെയാണ്. ഇവര്‍ കരുനാഗപ്പള്ളി സ്വദേശിയായ വിമുക്ത ഭടന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ഏജന്‍സിക്കു കരാര്‍ കൈമാറി. ഈ ഏജന്‍സി ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലെ പരിശോധനയുടെ ചുമതല ബേക്കറി ഉടമ മഞ്ഞപ്പാറ സ്വദേശി ജോബി ജീവന്‍ എന്നയാള്‍ക്കു മറിച്ചു കൊടുത്തു.

ബേക്കറി ഉടമയാണ് കേസില്‍ അറസ്റ്റിലായ മകള്‍ ജ്യോത്സനയെയും ബേക്കറി ജോലിക്കാരെയും കേറ്ററിങ് ജോലി ചെയ്യുന്നവരെയും ഉള്‍പ്പെടെ എട്ട് പേരെ 530 രൂപ കൂലിക്ക് ജോലിക്കു നിയോഗിച്ചത്. ഇവര്‍ക്കാര്‍ക്കും മുന്‍ പരിചയം ഇല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. ദേഹ പരിശോധനയ്ക്കുള്ള പരിശീലനം പോലും നല്‍കിയില്ല. പകരം യൂ ട്യൂബ് വീഡിയോ അയച്ചു കൊടുത്തിട്ട് അതുപോലെ ചെയ്യാന്‍ പറയുകയായിരുന്നു.

പരിശോധനാ ചുമതലയില്‍ ഉണ്ടായിരുന്നവരുടെ നിര്‍ദേശ പ്രകാരമാണ് വിദ്യാര്‍ഥിനികള്‍ക്ക് ഉള്‍വസ്ത്രം അഴിച്ചുവയ്ക്കാന്‍ സൗകര്യം ഒരുക്കിയതെന്നു അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികള്‍ മൊഴി നല്‍കി. ഇങ്ങനെ നിര്‍ദേശം നല്‍കിയിട്ടില്ലെന്നു പരിശോധന നടത്തിയവരും പറയുന്നു. മൊഴികളിലെ വൈരുധ്യം പൊലീസ് പരിശോധിക്കുകയാണ്.

പെരിങ്ങമല കോളജിലെ അസി. പ്രഫസറായിരുന്നു ആയൂര്‍ കോളജിലേക്കു നിയോഗിക്കപ്പെട്ട നിരീക്ഷകന്‍. ആയൂര്‍ കോളജിലെ അധ്യാപകനു സഹ ചുമതലയും ഉണ്ടായിരുന്നു. സംഭവങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. 526 കുട്ടികള്‍ പരീക്ഷ എഴുതിയ ഈ കേന്ദ്രത്തില്‍ പരീക്ഷാ ഹാളുകളിലെ ചുമതല 57 അധ്യാപകര്‍ക്കായിരുന്നു. കൂടാതെ ഒന്‍പത് അനധ്യാപകരും ഉണ്ടായിരുന്നു. ഇവരെയെല്ലാം ചോദ്യം ചെയ്യുമെന്നു ദക്ഷിണ മേഖല ഐജി പി. പ്രകാശ് പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാറിനാണ് അന്വേഷണ ചുമതല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.