മാധ്യമം ദിനപത്രം ഗള്‍ഫില്‍ നിരോധിക്കാന്‍ യുഎഇ ഭരണാധികാരിക്ക് കെ.ടി ജലീല്‍ അയച്ച കത്ത് പുറത്ത്

മാധ്യമം ദിനപത്രം ഗള്‍ഫില്‍ നിരോധിക്കാന്‍ യുഎഇ ഭരണാധികാരിക്ക് കെ.ടി ജലീല്‍ അയച്ച കത്ത് പുറത്ത്

കൊച്ചി: 'മാധ്യമം ദിനപത്രം യുഎഇയില്‍ നിരോധിക്കാന്‍ മന്ത്രിയായിരിക്കെ കെ.ടി ജലീല്‍ ഇടപെട്ടതിന്റെ രേഖകള്‍ പുറത്തു വന്നു. ഇതുസംബന്ധിച്ച് യുഎഇ ഭരണാധികാരിക്ക് ജലീല്‍ അയച്ച കത്തിന്റെ കോപ്പി സ്വപ്‌ന സുരേഷ് പുറത്തു വിടുകയായിരുന്നു.

മാധ്യമം സംസ്ഥാന സര്‍ക്കാരിനെതിരേയും യുഎഇയ്‌ക്കെതിരേയും നിരന്തരം വാര്‍ത്തകള്‍ നല്‍കുന്നതായി കത്തില്‍ ജലീല്‍ പരാമര്‍ശിക്കുന്നു. നിരോധിത തീവ്രവാദ സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ജലീല്‍ ഉപയോഗിച്ചിരുന്ന അബ്ദുള്‍ ജലീല്‍ എന്ന പേരാണ് അദേഹം കത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. തീവ്ര ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ജലീല്‍ പിന്നീട് സിപിഎം സഹയാത്രികനാകുകയായിരുന്നു. കത്തിന്റെ പൂര്‍ണരൂപം വായിക്കാം.


പ്രിയ സഹോദരാ.. അസ്സലാമു അലൈക്കും

ഈ വല്ലാത്ത കാലത്തിലും താങ്കള്‍ക്ക് ക്ഷേമമെന്ന് കരുതുന്നു; അതിനായി പ്രാര്‍ഥിക്കുന്നു

കേരളവും അറബ് രാജ്യങ്ങളുമായുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ആയിരക്കണക്കിന് മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍, വിശിഷ്യാ യു.എ.ഇയില്‍ തൊഴിലെടുത്ത് ജീവിക്കുന്നത്. ചരിത്രത്തിലുടനീളം, എല്ലാ പ്രയാസഘട്ടങ്ങളിലും അല്ലാത്തപ്പോഴും അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും ഉദാരമനസ്‌കരായ ജനങ്ങളും ഇന്ത്യന്‍ ജനതക്കൊപ്പം, പ്രത്യേകിച്ച് കേരളീയര്‍ക്കൊപ്പം നിന്നിട്ടുണ്ട്.

കോവിഡ് കാലത്തും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഗള്‍ഫിലെ എല്ലാ ഭരണാധികാരികളും പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും ചികില്‍സയും മറ്റു സൗകര്യങ്ങളും കഴിയാവുന്ന വിധമെല്ലാം നല്‍കി പ്രതിസന്ധിയെ അതിജീവിക്കാന്‍ അവരെ സഹായിച്ചു. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, മറ്റ് രാജ്യങ്ങളിലെന്നപോലെ ഗള്‍ഫിലും നിരവധി വിദേശികള്‍ക്കും സ്വദേശികള്‍ക്കും കോവിഡ് മൂലം ജീവന്‍ നഷ്ടമായി.

എന്നാല്‍, കേരളത്തില്‍ നിന്നുള്ളവരുടെ മരണം വാര്‍ത്തയാക്കി 2020 ജൂണ്‍ 24ന് 'ഗള്‍ഫ് മാധ്യമ'ത്തിന്റെ കേരള പതിപ്പായ 'മാധ്യമം' മലയാള പത്രം ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ പടം സഹിതമുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച്, ഇവരുടെ കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഇവര്‍ക്ക് ശരിയായ ചികില്‍സ നല്‍കണമെന്നും ആവശ്യപ്പെടുന്നു.

ഈ റിപ്പോര്‍ട്ട് നൂറ്റാണ്ടുകളായി കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ നിര്‍ലോഭം സഹായിക്കുന്ന അറബ് ഭരണാധികാരികളേയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ റിപ്പോര്‍ട്ട് അറബ് ഭരണാധികാരികളെക്കുറിച്ച് മത-സംഘടന ഭേദമന്യേ കേരളീയരുടെ മനസിലുള്ള ചിത്രം മുറിപ്പെടുത്തുന്നതാണ്.

വസ്തുതകള്‍ക്കും ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായാണ് ഗള്‍ഫ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടുകളെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ ഈ വിഷയം ഗൗരവമായി പരിഗണിച്ച് പത്രത്തിനെതിരെ ഉചിതമായ നടപടിയുണ്ടാകണം.

അല്ലാത്തപക്ഷം, ഗള്‍ഫില്‍ നിന്നുള്ള ധനസഹായം സ്വീകരിച്ച്, ഗള്‍ഫ് ഭരണാധികാരികളേയും അവിടുത്തെ സഹായതല്‍പരരായ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഭാവിയില്‍ അവര്‍ പ്രസിദ്ധീകരിക്കും. അതിനാല്‍, ഈ വിഷയത്തില്‍ വേണ്ട ശ്രദ്ധയുണ്ടാവുകയും നടപടി സ്വീകരിക്കുകയും വേണം. മേല്‍പറഞ്ഞ റിപ്പോര്‍ട്ട് വന്ന പത്രവും അതിന്റെ അറബിക്, ഇംഗ്ലിഷ് തര്‍ജമയും ഈ കത്തിനൊപ്പം വെക്കുന്നു.

നിങ്ങളുടെ വിശ്വസ്തന്‍

അബ്ദുല്‍ ജലീല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.