കോളജ് അധ്യാപകനായിരിക്കേ ട്രാവല്‍ ഏജന്‍സി നടത്തിയത് കേരള സര്‍വ്വീസ് റൂളിന്റെ ലംഘനം; ജലീലിന് തിരിച്ചടിയാകും

കോളജ് അധ്യാപകനായിരിക്കേ ട്രാവല്‍ ഏജന്‍സി നടത്തിയത് കേരള സര്‍വ്വീസ് റൂളിന്റെ ലംഘനം; ജലീലിന് തിരിച്ചടിയാകും

മലപ്പുറം: അധ്യാപകനായിരിക്കെ ട്രാവല്‍ ഏജന്‍സി നടത്തിയെന്ന വെളിപ്പെടുത്തല്‍ കെ.ടി ജലീലിന് തന്നെ തിരിച്ചടിയാകുന്നു. കോളേജ് അധ്യാപകര്‍ സര്‍വീസ് കാലയളവില്‍ എന്തെങ്കിലും തരത്തില്‍ ബിസിനസ് നടത്തുന്നത് സര്‍വകലാശാല ചട്ട പ്രകാരവും കേരള സര്‍വീസ് റൂള്‍ പ്രകാരവും തെറ്റാണ്.

ജലീല്‍ ട്രാവല്‍ ഏജന്‍സി തുടങ്ങിയത് യൂത്ത് ലീഗ് സെക്രട്ടറി ആയിരിക്കുമ്പോഴാണ്. 1994 ല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ അധ്യാപക ജോലി ആരംഭിച്ചതിനു ശേഷമാണ് കെടി ജലീല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആകുന്നത്. യൂത്ത് ലീഗ് സെക്രട്ടറി ആയിരുന്നപ്പോള്‍ ട്രാവല്‍ ഏജന്‍സി നടത്തി എന്നായിരുന്നു ജലീലിന്റെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം കോളേജ് അധ്യാപകര്‍ പ്രതിഫലം ലഭിക്കുന്ന മറ്റൊരു പ്രവര്‍ത്തനവും നടത്തരുത്. മാധ്യമം ദിനപത്രം വിലക്കാന്‍ യുഎഇ ഭരണാധികാരിക്ക് കത്തെഴുതിയെന്ന ആരോപണത്തെ പ്രതിരോധിക്കാനുള്ള വെപ്രാളത്തിലാണ് ജലീല്‍ തന്റെ ബിസിനസിന്റെ കാര്യം വെളിപ്പെടുത്തിയത്.

സര്‍ക്കാര്‍ ശമ്പളം വാങ്ങുമ്പോള്‍ നേരിട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന മറ്റ് പ്രവര്‍ത്തനം നടത്തരുത് എന്ന് കേരള സര്‍വീസ് റൂളും പറയുന്നു. അങ്ങനെ ഉണ്ടെങ്കില്‍ വകുപ്പിന് അന്വേഷണം നടത്തി നടപടിയും സ്വീകരിക്കാം.

വിജിലന്‍സിനു സ്വമേധയാ കേസ് എടുക്കാന്‍ പരിമിതികള്‍ ഉണ്ടെങ്കിലും പരാതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ എടുക്കാം. ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടിയാണോ ജലീല്‍ ട്രാവല്‍ ഏജന്‍സിയുടെ കാര്യം വെളിപ്പെടുത്തിയതെന്ന സംശയവും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.