നഞ്ചിയമ്മ... സച്ചി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ഗോത്ര ഗായിക

നഞ്ചിയമ്മ... സച്ചി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ഗോത്ര ഗായിക

കൊച്ചി: നഞ്ചിയമ്മ... തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ വൃദ്ധ ഗായിക. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഗോത്ര താളത്തിന്റെ തനിമ കെടാതെയുള്ള പാട്ടിലൂടെ മലയാളികളുടെ പ്രീയപ്പെട്ടവളായി മാറിയ നഞ്ചിയമ്മ ദേശീയ പുരസ്‌കാരം വാങ്ങാനായി വൈകാതെ രാജ്യ തലസ്ഥാനത്തേക്ക് വണ്ടി കയറും.

അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ നിന്നും അറുപത്തിരണ്ടാം വയസില്‍ നഞ്ചിയമ്മ ആദ്യമായി ഡല്‍ഹിലെത്തുമ്പോള്‍ പുരസ്‌കാരം സമ്മാനിക്കുന്നത് ഗോത്ര വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ആദ്യ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് എന്നത് തികച്ചും യാദൃശ്ചികം.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് വേണ്ടി പാടിയ പാട്ടിന് കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. 2020 ല്‍ കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ അംഗമായിരുന്ന നഞ്ചിയമ്മ, സിന്ധു സാജന്‍ സംവിധാനം ചെയ്ത അഗ്ഗെദി നായഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയില്‍ പാടി അഭിനയിച്ചാണ് ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്.

റാസി സംവിധാനം ചെയ്തു നിര്‍മിച്ച് 2017 ല്‍ സംസ്ഥാന അവാര്‍ഡ് നേടിയ 'വെളുത്ത രാത്രികള്‍' എന്ന സിനിമയിലെ മൂന്നു പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. 2009 ല്‍ ആദിവാസിപ്പാട്ട് വിഭാഗത്തില്‍ സംസ്ഥാന ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയ്ക്കും വേണ്ടി ടൈറ്റില്‍ ഗാനം പാടാനായി സച്ചി നഞ്ചിയമ്മയെ കണ്ടെത്തിയതോടെ നഞ്ചിയമ്മയുടെ ഗോത്ര താളം കേരളക്കര ഏറ്റെടുക്കുകയായിരുന്നു.

ഇരുള സമുദായത്തില്‍ നിന്നുള്ള നഞ്ചിയമ്മ, അട്ടപ്പാടി നക്കുപതി പിരിവ് ഊരിലാണ് താമസം. ഇരുള ഭാഷയിലാണ് നഞ്ചിയമ്മ ഈ ഗാനം എഴുതിയത്. അന്ന് പാടുന്ന സമയത്ത്, ഏത് സിനിമയ്ക്ക് വേണ്ടിയാണ് പാടുന്നത് എന്ന് അറിയില്ലായുരുന്നു എന്ന് നഞ്ചിയമ്മ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അട്ടപ്പാടിയില്‍ ഒതുങ്ങി നിന്നിരുന്ന തനിക്ക് പുതിയ ലോകം കാണിച്ചു തന്ന സച്ചിയെപറ്റി പറയാതെ ഒരു വേദിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല നഞ്ചിയമ്മ. അവാര്‍ഡും സമര്‍പ്പിക്കുന്നത് സച്ചിക്ക് തന്നെ. 'എന്നൈ നാടുകാണാന്‍ വച്ചൂ, എന്നൈ കാണാത്ത സ്ഥലങ്ങള്‍ കാണവച്ചു, എല്ലാം സച്ചി സാറാണ്...' അവാര്‍ഡ് കിട്ടിയ സന്തോഷം പകര്‍ത്താനെത്തിയ മാധ്യമങ്ങളോടും നഞ്ചിയമ്മയ്ക്ക് പറയാന്‍ ഈ വാക്കുകള്‍ മാത്രം...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.