ന്യൂയോര്‍ക്ക്: പത്ത് വര്‍ഷത്തിനിടെ അമേരിക്കയില്‍ വീണ്ടും പോളിയോ സ്ഥിരീകരിച്ചു. റോക്ക്ലാന്‍ഡ് സ്വദേശിയായ ഒരാള്‍ക്ക് ഒരു മാസം മുമ്പ് പക്ഷാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോളിയോ കണ്ടെത്തിയത്. അമേരിക്കയ്ക്ക് പുറത്തുനിന്ന് വൈറസ് ബാധ ഉണ്ടായതാകാമെന്നാണ് നിരീക്ഷണം. രോഗം പടരാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
''സമൂഹത്തിനുണ്ടാകുന്ന അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനായി ഞങ്ങള്‍ ഇപ്പോള്‍ ഈ വ്യക്തിയുടെ കുടുംബത്തെയും അടുത്ത ബന്ധങ്ങളെയും കുറിച്ച് സര്‍വേ നടത്തുകയാണ്,'' റോക്ക്ലാന്‍ഡ് കൗണ്ടി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. പട്രീഷ്യ ഷ്നാബെല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചില്‍ താഴെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണ് പോളിയോ. ചികിത്സയില്ലാത്ത ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പ് മാത്രമാണ് ഫലപ്രദമായ മാര്‍ഗം. നിലവില്‍ രോഗം കണ്ടെത്തിയ വ്യക്തി പോളിയോ വാക്‌സിന്‍ എടുത്തിട്ടില്ലായിരുന്നതായി കണ്ടെത്തി. പ്രായപൂര്‍ത്തിയായ ഇദ്ദേഹം ഓര്‍ത്തഡോക്‌സ് ജൂത സമൂഹാംഗമാണ്.
പ്രാഥമിക ലക്ഷണങ്ങളില്ലാത്ത രോഗബാധയാണ് പോളിയോ. തൊണ്ടവേദന, പനി, ക്ഷീണം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കാം. ചെറിയ ശതമാനം കേസുകളില്‍ പക്ഷാഘാതവും ഉണ്ടായേക്കാം. ഇവയൊക്കെ സാധാരണ വൈറസ് ബാധകളിലും ഉണ്ടാകാറുള്ളതായതിനാല്‍ പോളിയോ വൈറസ് ബാധയാണോ എന്ന് തോണമെന്നില്ല.
രോഗം നിര്‍ണയിക്കപ്പെട്ട പശ്ചാത്തലത്തില്‍ റോക്ക്ലാന്‍ഡില്‍ പോളിയോ വാക്‌സിന്‍ വിതരണം ശക്തിപ്പെടുത്താന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. കൂടുതല്‍ വാക്‌സിന്‍ ക്ലീനിക്കുകള്‍ തുറക്കും. മൂന്ന് വാക്‌സിന്‍ കുത്തിവയ്പ്പുകളാണ് നല്‍കുന്നത്. ഇത് 100 പ്രതിരോധശേഷി ഉള്ളതാണെന്നും ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.