സ്വന്തം ജീവന്‍ നല്‍കി പൂവന്‍കോഴി ആട്ടിന്‍കുട്ടിയെ രക്ഷിച്ചു; 500 പേരെ പങ്കെടുപ്പിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തി ഒരു കുടുംബം

സ്വന്തം ജീവന്‍ നല്‍കി പൂവന്‍കോഴി ആട്ടിന്‍കുട്ടിയെ രക്ഷിച്ചു; 500 പേരെ പങ്കെടുപ്പിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തി ഒരു കുടുംബം

ലക്‌നൗ: വീട്ടില്‍ വളരെയധികം ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങളുടെ മരണം പലരിലും വലിയ ശൂന്യത അവശേഷിപ്പിക്കാറുണ്ട്. തങ്ങളുടെ ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ബലികൊടുത്ത പൂവന്‍കോഴി വലിയ ശൂന്യതയാണ് ഉത്തര്‍പ്രദേശിലെ ഫതന്‍പൂരിലെ ഒരു കുടുംബത്തിലുണ്ടാക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകള്‍ 500ലധികം പേരെ പങ്കെടുപ്പിച്ച് വിപുലമായി നടത്തിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഈ കുടുംബം.

മരിച്ച് കൃത്യം പതിമൂന്ന് ദിവസത്തില്‍ നടത്തുന്ന പ്രത്യേക ചടങ്ങുകള്‍ക്കാണ് പ്രതാപ്ഗഡ് ജില്ലയിലെ ബഹ്ദൗള്‍കാല ഗ്രാമത്തിലെ കുടുംബം 500ലധികം പേരെ ക്ഷണിച്ചത്. ലാല്‍ജി എന്നാണ് വീട്ടുകാര്‍ കോഴിയ്ക്ക് പേരിട്ടിരുന്നത്. ഡോ സല്‍ക്‌റാം സരോജ് എന്നയാളാണ് കോഴിയുടെ ഉടമ.

ഒരു ദിവസം മുറ്റത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയ സല്‍ക്‌റാം കാണുന്നത് വീട്ടിലേക്ക് അതിക്രമിച്ച് കടന്ന നായയോട് മല്ലിടുന്ന ലാല്‍ജിയെയാണ്. വീട്ടിലെ ആട്ടിന്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച നായയെയാണ് കോഴി തുരത്താന്‍ ശ്രമിക്കുന്നതെന്ന് ഇദ്ദേഹത്തിന് മനസിലായി. ലാല്‍ജിയുടെ അരികിലേക്ക് ഓടിയെത്തി നായയെ ഓടിച്ച ശേഷം ഇയാള്‍ കോഴിയെ കൈയിലെടുത്തു. വല്ലാതെ മുറിവേറ്റ ലാല്‍ജി വളരെപ്പെട്ടെന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലാല്‍ജി തങ്ങളുടെ വീട്ടിലെ അംഗമായതിനാല്‍ തന്നെ അതിന്റെ ആത്മാവിനായി എല്ലാ ചടങ്ങുകളും നടത്തുമെന്ന് സല്‍ക്‌റാം അപ്പോള്‍ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് ചടങ്ങുകള്‍ അനുസരിച്ച് മരിച്ചതിന്റെ പതിമൂന്നാം നാളില്‍ നാട്ടിലെ ആളുകളെ വിളിച്ചുകൂട്ടി കര്‍മ്മങ്ങള്‍ നടത്തിയത്. കോഴി നഷ്ടപ്പെട്ടതിന്റെ വേദന തങ്ങള്‍ അതിജീവിച്ചു വരികയാണെന്നും സല്‍ക്‌റാം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.