ജനിച്ചത് ആദിവാസി കുടിലിൽ, വളർന്നതും പഠിച്ചതും ഗോത്ര വർഗക്കാരോടൊപ്പം. സ്കൂളിലും കോളേജിലും പഠിക്കാൻ പോയപ്പോൾ ചുറ്റും അത്ഭുത ജീവിയെ കാണുന്നതു പോലെ നോക്കി. ബന്ധുക്കൾ പോലും ചോദിച്ചു, നീ എന്തിനാണ് പഠിക്കാൻ പോകുന്നത്, പഠിച്ചിട്ട് എന്ത് നേടാൻ എന്ന്. അവൾ അതൊന്നും കേട്ടില്ല; പഠിച്ച് ഡിഗ്രി നേടി, റായ്‌രംഗ്പൂരിലെ സ്‌കൂളിൽ അധ്യാപികയായി. അധ്യാപനത്തിൽ നിന്ന് സാമൂഹ്യ പ്രവർത്തനത്തിലേക്കും തുടർന്ന് രാഷ്ട്രീയ പ്രവർത്തനത്തിലേക്കും അവൾ കടന്നു ചെന്നു. വർഗ-വർണ്ണ-ലിംഗ പരിമിതികളൊന്നും ആ പെൺകുട്ടിയെ തളർത്തിയില്ല. ആ ലക്ഷ്യബോധം- അതായിരിക്കണം റായ്‌രംഗ്പൂരിലെ ആദിവാസി കോളനിയിൽ നിന്ന് റൈസീന കുന്നിലെ രാഷ്‌ട്രപതി ഭവനിലേക്ക് ദ്രൗപതി മുർമു എന്ന ഗോത്രവർഗക്കാരിയെ എത്തിച്ചത്.
2022 ജൂലൈ 25 ന് ഇന്ത്യയുടെ 15–ാമത് പ്രസിഡണ്ടായി അധികാരമേറ്റ ദ്രൗപതി മുർമു ജീവിതത്തിന്റെ കനൽ കൂനകൾ ചവിട്ടിക്കടന്നാണ് 140 കോടി ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രഥമ വനിതയായി ഉയർന്നിരിക്കുന്നത്. കാടിനേയും പ്രകൃതിയെയും സ്നേഹിച്ചു പരിപാലിച്ച് അതിൽ നിന്നും ഉപജീവനം കഴിച്ചിരുന്ന വെറും സാധാരണ ആദിവാസി ഗോത്രമായ സാന്താൾ ഗോത്രത്തിൽപ്പെട്ട അവർ, പടികളും പടവുകളും താണ്ടി രാഷ്‌ട്രപതി കസേരയിൽ എത്തുന്നത് അത്ഭുതത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
കുടുംബ ജീവിതത്തിലും വളരെയേറെ തിക്താനുഭവങ്ങളിലൂടെയാണ് അവർ കടന്നു പോയത്. ഹൃദയാഘാതം വന്ന് ഭർത്താവു മരണപ്പെട്ടു. 25 വയസ്സായ മകനെ ദുരൂഹ സാഹചര്യത്തിൽ നഷ്ടമായി, ഏറ്റവും ഇളയ മകനും ആക്‌സിഡന്റിൽ ഇഹലോകത്തു നിന്നും യാത്രയായി. ഒരു സ്ത്രീക്ക് താങ്ങാനാവുന്നതിലും വലിയ വേദനയിൽ മനസ്സ് തേങ്ങിയെങ്കിലും ദ്രൗപതി പതറിയില്ല. തന്റെ ജീവിതയാനം ചങ്കുറപ്പോടെ മുന്നോട്ടു തന്നെ നയിച്ചു. ആ നിശ്ചയ ദാർഢ്യം അവർക്ക് പഞ്ചായത്ത് ചെയർപേഴ്‌സൺ, എം.എൽ.എ, മന്ത്രി, ഗവർണർ തുടങ്ങിയ വിവിധ പദവികൾ നേടിക്കൊടുത്തു. തന്റെ നിറത്തെ, തന്റെ കുലത്തെ, തന്റെ കഴിവുകളെയൊക്കെ നോക്കി പരിഹസിച്ചവർക്കു മുന്നിലൂടെ അന്തസ്സോടെ തലയുയർത്തി നടക്കാൻ ദ്രൗപതിക്ക് ഇന്നു സാധിക്കുന്നതിലൂടെ അവർ ലോകത്തിന് നൽകുന്ന ഒരു വലിയ സന്ദേശമുണ്ട്.
ഒരു മനുഷ്യന്റെ വില നിശ്ചയിക്കുന്നത് അവന്റെ ആകാര സൗന്ദര്യമോ, കുല - കുടുംബ മഹിമകളോ വിദ്യാഭ്യാസ യോഗ്യതയോ കഴിവുകളോ അല്ല മറിച്ച് അവന്റെ ജീവിത വീക്ഷണം, കഠിനാധ്വാനം, നിശ്ചയദാർഢ്യം എന്നിവയാണ്. ജീവിതത്തിലെ പ്രതിസന്ധികളെയും പരാജയങ്ങളെയും വിജയത്തിന്റെ ചവിട്ടു പടികളാക്കാൻ ദ്രൗപതി മുർമുവിന്റെ ജീവിത വിജയം നമുക്കും പ്രചോദനമാകട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.