കേരളത്തിനു പിന്നാലെ ഡല്‍ഹിയിലും മങ്കി പോക്‌സ്; രോഗം കണ്ടെത്തിയത് വിദേശ യാത്ര നടത്തിയിട്ടില്ലാത്ത യുവാവിന്

കേരളത്തിനു പിന്നാലെ ഡല്‍ഹിയിലും മങ്കി പോക്‌സ്; രോഗം കണ്ടെത്തിയത് വിദേശ യാത്ര നടത്തിയിട്ടില്ലാത്ത യുവാവിന്

ന്യൂഡല്‍ഹി: കേരളത്തിനു പിന്നാലെ ന്യൂഡല്‍ഹിയിലും മങ്കി പോക്‌സ് കണ്ടെത്തി. മുപ്പത്തൊന്നുകാരനാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് മങ്കി പോക്‌സ് ബാധിച്ചവരുടെ എണ്ണം നാലായി. ആദ്യത്തെ മൂന്നു കേസുകളും കേരളത്തിലാണ്.

രോഗം സ്ഥിരീകരിച്ചയാള്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ മങ്കിപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. രോഗ ബാധിതന്‍ മൗലാന ആസാദ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കേരളത്തില്‍ കൊല്ലത്തും കണ്ണൂരും രോഗം കണ്ടെത്തിയതിന് പിന്നാലെ മലപ്പുറത്താണ് മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചവരെല്ലാം വിദേശ യാത്ര കഴിഞ്ഞെത്തിയവരായിരുന്നു. ഇതുവരെ ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് അസുഖം പകരാതിരുന്നത് ആശ്വാസകരമാണ്.

രോഗ വ്യാപനം ലോകമെമ്പാടും കുത്തനേ ഉയരുന്നതിനിടെ മങ്കിപോക്‌സ് വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു ഇന്നലെ നടന്ന പ്രത്യേക എമര്‍ജന്‍സി കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

മങ്കിപോക്‌സിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാന്‍ കഴിഞ്ഞ മാസവും ഡബ്ല്യു.എച്ച്.ഒ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇതുവരെ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു.

നിലവില്‍ യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്ക് പ്രകാരം 74 രാജ്യങ്ങളിലായി 16,836 മങ്കിപോക്‌സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 16,593 കേസുകള്‍ ആഫ്രിക്കയ്ക്ക് പുറത്തുള്ള 68 രാജ്യങ്ങളിലാണ്. ഇതില്‍ സ്പെയിന്‍ (3125), യു.എസ് (2890), ജര്‍മ്മനി (2268), യു.കെ (2208) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.