ഭാരതത്തിന്റെ യശസ് ലോക രാജ്യങ്ങൾക്കു മുന്നിൽ ഉയർത്തിപ്പിടിക്കാൻ വഴിയൊരുക്കുന്നതാണ് ദ്രൗപതി മുർമുവിന്റെ നിയോഗം: ഡോ ബാബു സ്റ്റീഫൻ
വാഷിംഗ്ടൺ ഡി സി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ ഫൊക്കാന അധ്യക്ഷൻ ഡോ. ബാബു സ്റ്റീഫൻ അഭിനന്ദിച്ചു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും കാത്തു സൂക്ഷിക്കാൻ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെയെന്നും ഡോ. ബാബു സ്റ്റീഫൻ ആശംസിച്ചു.
പട്ടിക വർഗ വിഭാഗത്തിൽ നിന്നും ആദ്യമായി ഒരു രാഷ്ട്രപതിയുണ്ടാവുന്നു എന്നത് ഭാരതത്തിന്റെ യശസ് ലോക രാജ്യങ്ങൾക്കു മുന്നിൽ ഉയർത്തിപ്പിടിക്കാൻ വഴിയൊരുക്കുന്നതാണ്. ആദിവാസി വിഭാഗത്തിൽ ജനിച്ച ദ്രൗപദി മുർമു നിരവധി പോരാട്ടങ്ങളിലൂടെയാണ് ഭാരതത്തിന്റെ പ്രഥമ പൗരയായി മാറുന്നത്. മന്ത്രിയെന്ന നിലയിലും പിന്നീട് ഝാർഖണ്ഡ് സംസ്ഥാനത്തെ ഗവർണ്ണർ എന്ന നിലയിലും ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിനു ശേഷമാണ് ദ്രൗപതി മുർമു ഭാരതത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതിയായി മാറുന്നത്.
ഭാരത്തിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട നിമിഷങ്ങളായാണ് ഈ നേട്ടം അറിയപ്പെടുക-ഡോ. ബാബു സ്റ്റീഫൻ ചൂണ്ടിക്കാട്ടി.
ഒഡീഷയില സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ കോളേജ് വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ പെൺകുട്ടിയാണ്. അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വരിലെ രമാ ദേവി സർവകലാശാലയിൽ നിന്ന് ആർട്സിലായിരുന്നു ബിരുദം. ആദ്യ ജോലി ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റൻറായി. പിന്നീട് സ്‌കൂൾ അധ്യാപികയായും പ്രവർത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നത്. അവരിലെ പ്രതിഭയെ തിരിച്ചറിഞ്ഞ രാഷ്ട്രനേതാക്കന്മാർക്കും പ്രണാമം അർപ്പിക്കുന്നതായി ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ദളിത് വിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതിയായ കെ.ആർ. നാരായണനെ ഇത്തരുണത്തിൽ അനുസ്മരിച്ച ഡോ. ബാബു സ്റ്റീഫൻ, കേരളത്തിലെ ഒരു കുഗ്രാമത്തിൽ ജനിച്ച് പട്ടിണിയേയും പരിമിതികളെയും മറികടന്ന് ലോകോത്തര നിലവാരമുള്ള വിദ്യാസമ്പന്നരുടെ പട്ടികയിൽ ഇടം നേടുകയും പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായി ലോകത്തിനു മുൻപിൽ അഭിമാനം ഉയർത്തിപ്പിടിക്കുകയും ചെയ്ത കെ.ആർ.നാരായണനു പിൻഗാമിയായി എത്തിയ ഭാരതത്തിന്റെ ഇപ്പോഴത്തെ ആദ്യ പൗരയായ ദ്രൗപദി മുർമുവും അദ്ദേഹത്തിന്റെ അതേ പാതയിലൂടെ സഞ്ചരിച്ച മഹദ് വനിതയാണെന്നും വ്യക്തമാക്കി. തന്റെ മുൻഗാമികൾ ഉയർത്തിക്കാട്ടിയ പാരമ്പര്യം തുടരുവാൻ ദ്രൗപദി മുർമുവിനും കഴിയട്ടെയെന്നും ഡോ. ബാബു സ്റ്റീഫൻ ആശംസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.