ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതിഷേധം: കോണ്‍ഗ്രസ് ഇന്ന് ആലപ്പുഴ കളക്ടറേറ്റ് വളയും

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതിഷേധം: കോണ്‍ഗ്രസ് ഇന്ന് ആലപ്പുഴ കളക്ടറേറ്റ് വളയും

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്.
ഇന്ന് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. 

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഇന്ന് ധര്‍ണ സംഘടിപ്പിക്കുന്നത്. വെങ്കിട്ടരാമന്റെ നിയമനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവർ പ്രതിഷേധമറിയിച്ചിരുന്നു.

അതേസമയം വിഷയത്തില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയനും രംഗത്തെത്തി. തീരുമാനം പുനപ്പരിശോധിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. കൊലപാതക കേസില്‍ ഒന്നാം പ്രതിയായി സര്‍ക്കാര്‍ തന്നെ കുറ്റപത്രം നല്‍കിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമന്‍. അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയന്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതിയെ കലക്ടര്‍ എന്ന ഉന്നത പദവിയില്‍ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുനപ്പരിശോധിക്കണമെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇഎസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.