അവയവമാറ്റ ശസ്ത്രക്രീയകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ആശുപത്രി കോഴിക്കോട്; രാജ്യത്തെ ആദ്യ സംരംഭം

 അവയവമാറ്റ ശസ്ത്രക്രീയകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ആശുപത്രി കോഴിക്കോട്; രാജ്യത്തെ ആദ്യ സംരംഭം

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രീയകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ആശുപത്രി വരുന്നു. അവയവ മാറ്റശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് നിലവിലെ സംവിധാനത്തില്‍ പാളിച്ചകള്‍ സംഭവിക്കുകയും സ്വകാര്യ ആശുപത്രികള്‍ രോഗികളെ കൊള്ളയടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതിനുമാത്രമായി സമഗ്ര സംവിധാനങ്ങളോടെ ഒരു ആശുപത്രി 500 കോടി രൂപ ചെലവഴിച്ച് കോഴിക്കോട്ട് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന പേരിലുള്ള സ്ഥാപനം രാജ്യത്തെ ആദ്യ സംരംഭമാണ്. പോണ്ടിച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (ജിപ്‌മെര്‍) പ്രൊഫസറായ മലപ്പുറം സ്വദേശി ഡോ.ബിജുപൊറ്റക്കാട് സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം പ്രാരംഭ നടപടികള്‍ക്ക് അനുമതി നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിലെ രണ്ടേക്കര്‍ സ്ഥലത്താണ് പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കുക. കോഴിക്കോട് കുഷ്ഠരോഗാശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലവും ഇതിനായി ഏറ്റെടുക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോ. ബിജു പൊറ്റക്കാടിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കും. ജിപ്‌മെറില്‍ ഡോ.ബിജു കൈപ്പറ്റുന്ന സേവന,വേതന വ്യവസ്ഥകള്‍ നിയമനത്തില്‍ പാലിക്കും.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന് സമാനമായി മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനും വിവിധ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായ ഗവേണിംഗ് ബോഡിക്കാകും സ്ഥാപനത്തിന്റെ നിയന്ത്രണം.

അവയവദാന ശസ്ത്രക്രിയയ്ക്കായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോട്ടോയുടെ ഉപവിഭാഗമായി കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ-സോട്ടോയാണ് (പഴയ മൃതസഞ്ജീവനി) അവയവ ദാനത്തിന്റെ നടപടികള്‍ നിലവില്‍ ഏകോപിപ്പിക്കുന്നത്. കെ-സോട്ടോയുമായി ചേര്‍ന്നാകും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.