കോവിഡ് കണക്കുകളിൽ ഗുരുതര വീഴ്ചയെന്ന് കേന്ദ്രം; കൃത്യമായ കണക്കുകള്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി

കോവിഡ് കണക്കുകളിൽ ഗുരുതര വീഴ്ചയെന്ന് കേന്ദ്രം; കൃത്യമായ കണക്കുകള്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തതിലും മരണം റിപ്പോർട്ട് ചെയ്യുന്നതിലും ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മ​​ന്ത്രാലയം കേരള​ത്തെ വിമര്‍ശിച്ചതിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

കോവിഡ് കണക്കുകളിലെ കേന്ദ്ര വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അവകാശപ്പെട്ടു.

കേരളം കൃത്യമായി കണക്കുകള്‍ പുറത്തുവിടാത്തത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചതായി കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് മരണങ്ങള്‍ ദിവസവും കൃത്യമായി റിപ്പോര്‍ട്ടു ചെയ്യണമെന്നും മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി കഴിഞ്ഞ ദിവസം കത്തയക്കുകയും ചെയ്തു. മാസങ്ങള്‍ക്കു മുന്‍പ് ഇതേവിഷയത്തില്‍ അയച്ച കത്തില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണു വീണ്ടും കത്തയച്ചത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) മാര്‍ഗനിര്‍ദേശം അനുസരിച്ച്‌, രോഗിയുടെ മരണം സംഭവിച്ച്‌ ദിവസങ്ങള്‍ക്കുശേഷം കോവിഡ് മരണമായി സ്ഥിരീകരിക്കുന്ന കേസുകള്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ മരണം സംഭവിച്ച തീയതി കൃത്യമായി പറഞ്ഞിരിക്കണം.

മരണം സംഭവിച്ച തീയതി വ്യക്തമാക്കാതെ ദിവസേനയുള്ള കോവിഡ് മരണങ്ങളുടെ കൂടെയാണ് ഇത്തരം മരണങ്ങള്‍ സംസ്ഥാനം ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അന്നേ ദിവസം സംഭവിച്ച മരണങ്ങളും നേരത്തേ സംഭവിച്ച മരണങ്ങളും വ്യക്തമാക്കാതെ ഒരുമിച്ചു കണക്ക് അയയ്ക്കുന്നത് മരണ നിരക്ക് രാജ്യത്ത് വളരെ കൂടുന്നുവെന്ന ചിത്രം ഉണ്ടാക്കും. മറ്റു സംസ്ഥാനങ്ങളൊന്നും ഈ പിഴവ് വരുത്തുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.