ചെന്നൈ: മാർത്തോമാ ശ്ലീഹായെ പോലെ നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവിന് സമർപ്പിക്കാനാകണമെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950–ാം ജൂബിലിയോട് അനുബന്ധിച്ച് ഹൊസൂർ രൂപത സാന്തോം കത്തീഡ്രൽ ബസിലിക്കയിലേക്കു നടത്തിയ തീർഥാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ ശിഷ്യനായ മാർത്തോമാ ശ്ലീഹായും രക്തസാക്ഷിയായത്. അതുപോലെ നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവിന് സമർപ്പിക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
മാർത്തോമാ ശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്ന സാന്തോം കത്തീഡ്രൽ ബസിലിക്കയിൽ മാർ ആലഞ്ചേരി മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, ഹൊസൂർ രൂപത മുൻ വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ എന്നിവർ സഹകാർമികരായി. ഹൊസൂർ രൂപതയിലെ വൈദികരും വിവിധ പള്ളികളിൽ നിന്ന് വന്ന ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് നടന്ന യോഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ജൂബിലി തിരി തെളിയിച്ചു. ഫാ.സിബിൻ കൊടുക്കലിന്റെ നേതൃത്വത്തിൽ പുതിയതായി രൂപം നൽകിയ ഹൊസൂർ രൂപത ഗായക സംഘം കർദ്ദിനാൾ ഉദ്ഘാടനം ചെയ്ത് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. മോൺ. വർഗീസ് പെരേപ്പാടൻ, മോൺ. ബിനോയ് പൊഴോലിപ്പറമ്പിൽ, രൂപത ചാൻസലർ ഫാ.ബോബി കൊച്ചുപറമ്പിൽ, ഫിനാൻസ് ഓഫിസർ ഫാ.നിജോ ജോൺ പള്ളായി മൈലാപ്പൂർ സെന്റ് തോമസ് സിറോ മലബാർ പള്ളി വികാരി ഫാ.ബിനോജ് തെക്കേക്കര, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് ചക്കാത്ര എന്നിവർ നേതൃത്വം നൽകി. സാന്തോം കത്തീഡ്രൽ വികാരി ഫാ. അരുൾരാജ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ള അതിഥികളെ സ്വീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26