കെ റെയിലിന് അനുമതിയില്ല, സര്‍വേയ്ക്ക് മുടക്കിയ പണത്തിന് ഉത്തരവാദിത്വവുമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

കെ റെയിലിന് അനുമതിയില്ല, സര്‍വേയ്ക്ക് മുടക്കിയ പണത്തിന് ഉത്തരവാദിത്വവുമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

കൊച്ചി: പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ റെയിലിനെതിരേ കേന്ദ്ര സര്‍ക്കാര്‍. പദ്ധതിക്കായുള്ള സാമൂഹ്യാഘാത പഠനത്തിന് പ്രത്യേക അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതും കെ റെയില്‍ എന്നു രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നതും ചോദ്യം ചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്ണന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനവും സര്‍വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയില്‍വേക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കെ റെയില്‍ കോര്‍പ്പറേഷന്‍ സ്വതന്ത്ര കമ്പനിയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വേയ്ക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവാക്കിയാല്‍ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. റെയില്‍വേയ്ക്ക് ഈ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറില്ല.

സില്‍വര്‍ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ സാധ്യമല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സാമൂഹ്യാഘാത പഠനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സാമൂഹ്യാഘാത പഠനത്തിനു സര്‍വേ നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. എന്നിട്ടും സര്‍വേ തുടരുന്നതു ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോടു ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു നല്‍കിയത്.

കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുണ്ട്. കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.