ചരിത്രമെഴുതാന്‍ സുല്‍ത്താന്‍ അല്‍ നെയാദി, ബഹിരാകാശത്ത് ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് സഞ്ചാരിയാകും

ചരിത്രമെഴുതാന്‍ സുല്‍ത്താന്‍ അല്‍ നെയാദി, ബഹിരാകാശത്ത് ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് സഞ്ചാരിയാകും

ദുബായ്: യുഎഇയുടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിചേർക്കാന്‍ തയ്യാറെടുത്ത് സുല്‍ത്താന്‍ അല്‍ നെയാദി. 2023 ല്‍ നാസയൊരുക്കുന്ന മിഷനില്‍ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനില്‍ ആറ് മാസം ചെലവഴിക്കാന്‍ സുല്‍ത്താന്‍ അല്‍ നെയാദിയുമുണ്ടാകും. 2023 സെപ്റ്റംബറില്‍ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നായിരിക്കും സ്പേസ് എക്സ് ക്രൂ വിക്ഷേപിക്കുക. 


ദൗത്യം വിജയകരമായാല്‍ ഇത്തരത്തില്‍ ദീർഘകാല ദൗത്യത്തിന് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് ആളെ അയക്കുന്ന 11 മത് രാജ്യമാകും യുഎഇ.
ബഹിരാകാശദൗത്യത്തിന് തയ്യാറെടുക്കുന്ന സുല്‍ത്താന്‍ അല്‍ നെയാദിക്ക് യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആശംസകള്‍ അറിയിച്ചു. 

യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സുല്‍ത്താന്‍ അല്‍ നെയാദിയുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് ട്വീറ്റ് ചെയ്തു.
യുഎഇയുടെ വരാനിരിക്കുന്ന രണ്ട് പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങളില്‍ ഒന്നാണ് ഇത്. യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ഈ വർഷം നവംബറില്‍ വിക്ഷേപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

2019 ല്‍ യുഎഇയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് ഹസ അല്‍ മന്‍സൂരിക്കൊപ്പം തെരഞ്ഞെടുത്ത വ്യക്തികൂടിയാണ് സുല്‍ത്താന്‍ അല്‍ നെയാദി. നിരവധി പരീക്ഷണങ്ങളിലൂടെയും മറ്റും കടന്ന് പോയതിന് ശേഷമാണ് 4022 പേരില്‍ നിന്ന് ഹസ അല്‍ മന്‍സൂരിയും സുല്‍ത്താന്‍ അല്‍ നെയാദിയും തെരഞ്ഞെടുക്കപ്പെട്ടത്. 


ഏതെങ്കിലും ഘട്ടത്തില്‍ ഹസ അല്‍ മന്‍സൂരിക്ക് യാത്ര ചെയ്യാനായില്ലെങ്കില്‍ പകരക്കാരനാവുകയെന്നുളളതായിരുന്നു അന്ന് സുല്‍ത്താന്‍ അല്‍ നെയാദിയുടെ നിയോഗം. എന്നാല്‍ ഹസ വിജയകരമായി യാത്ര പൂർത്തിയാക്കി. ഇതോടെയാണ് യുഎഇയുടെ അടുത്ത ബഹിരാകാശ യാത്രയില്‍ സുല്‍ത്താന്‍ അല്‍ നെയാദിയുണ്ടായിരിക്കുമെന്ന പ്രഖ്യാപനം വന്നത്. ഇതിനായുളള ഒരുക്കങ്ങളിലായിരുന്നു സുല്‍ത്താന്‍ അല്‍ നെയാദി. 180 ദിവസമാണ് അദ്ദേഹം ഐഎസ്എസില്‍ ചെലവഴിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.