സില്‍വര്‍ ലൈന്‍ മികച്ച ആശയം; പക്ഷേ, ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചു: വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ മികച്ച ആശയം; പക്ഷേ, ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചു: വിമര്‍ശനവുമായി ഹൈക്കോടതി

കൈകഴുകുകയാണോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം.

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതി മികച്ച ആശയമായിരുന്നെന്നും എന്നാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചെന്നും ഹൈക്കോടതി. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു പദ്ധതി നടപ്പാക്കേണ്ടത്. ഇക്കാര്യം നേരത്തെ കോടതി ചൂണ്ടിക്കാട്ടിയതാണ്. അന്നു കോടതിയെ കുറ്റപ്പെടുത്താനായിരുന്നു ശ്രമം. കോടതി ആരുടെയും ശത്രുവല്ലെന്നും കോടതി പറഞ്ഞു.

സില്‍വര്‍ ലൈന്‍ സാമൂഹ്യ ആഘാത പഠനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിടെയാണ് കോടതിയുടെ പരാമര്‍ശം.സാമൂഹ്യ ആഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞില്ലേയെന്നും ഇനിയെന്താണ് സംസ്ഥാനത്തിന്റെ നിലപാടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

പദ്ധതിക്കു കേന്ദ്രാനുമതിയില്ലെന്നും സാമൂഹിക ആഘാത പഠനത്തിന്റെ ചെലവ് കെ റെയില്‍ കോര്‍പ്പറേഷന്‍ സ്വന്തം നിലയ്ക്കു കണ്ടെത്തണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സ്ഥലമേറ്റെടുപ്പ് അടക്കമുളള നടപടികള്‍ ഇപ്പോള്‍ വേണ്ടതില്ല എന്നൊരു തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

പദ്ധതിയയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ കൈകഴുകുകയാണോ എന്നും കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സാമൂഹ്യ ആഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ച സമയം തേടി. ഇത് അനുവദിച്ച കോടതി കേസ് അടുത്ത മാസം പത്തിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.