പെൺകുട്ടികൾ കന്യാസ്ത്രീകളാകുന്നത് തടയാൻ മാതാപിതാക്കൾക്ക് അവകാശമില്ല: കേരള ഹൈക്കോടതി

പെൺകുട്ടികൾ കന്യാസ്ത്രീകളാകുന്നത് തടയാൻ മാതാപിതാക്കൾക്ക് അവകാശമില്ല: കേരള ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയായ ഒരു വ്യക്തി സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി സന്യാസസഭയിൽ ചേരാൻ തീരുമാനിച്ചാൽ അതിനെ നിയമപരമായി തടയാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി. മക്കളെ സന്യാസ മഠത്തിൽ അനധികൃതമായി തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് മൂന്ന് മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ജസ്റ്റിസ് എ.കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിലും മൗലികാവകാശങ്ങളിലും ഇടപെടാൻ ആർക്കും അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഏത് മതത്തിൽ വിശ്വസിക്കണം, ഏത് സഭയുടെ ഭാഗമാകണം എന്നത് ഒരാളുടെ സ്വകാര്യമായ തീരുമാനമാണ്. പ്രായപൂർത്തിയായ മകൾ ദൈവവിളി സ്വീകരിച്ച് സന്യാസം തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കൾക്ക് വിയോജിപ്പോ അതൃപ്തിയോ ഉണ്ടാകാം. എന്നാൽ അത്തരം വൈകാരികമായ കാരണങ്ങൾ കോടതി ഇടപെടാനുള്ള അടിസ്ഥാനമല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

മക്കളെ നിർബന്ധിച്ചാണ് മഠത്തിൽ താമസിപ്പിച്ചിരിക്കുന്നത് എന്ന മാതാപിതാക്കളുടെ വാദം പൊലീസ് നടത്തിയ അന്വേഷണത്തിൽ തള്ളിപ്പോയി. പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് മഠത്തിൽ കഴിയുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വ്യക്തമായ തെളിവുകളില്ലാതെ ഹേബിയസ് കോർപ്പസ് ഹർജികൾ നൽകുന്നത് ശരിയല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. പ്രായപൂർത്തിയായവർ സ്വന്തം ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായി എടുക്കുന്ന തീരുമാനങ്ങളെ ബഹുമാനിക്കാൻ കോടതികൾക്ക് ബാധ്യതയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

സഭയുമായുള്ള ആശയപരമായ വിയോജിപ്പുകൾ വ്യക്തികളുടെ സ്വതന്ത്രമായ തീരുമാനങ്ങളെ മറികടക്കാൻ ഉപയോഗിക്കരുതെന്ന് കർശനമായി നിർദേശിച്ച കോടതി, വ്യക്തിസ്വാതന്ത്ര്യത്തിന് മുൻഗണന നൽകിക്കൊണ്ട് ഹർജികൾ തീർപ്പാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.