മാണി സി കാപ്പന്‍ ബിജെപിയോട് അടുക്കുന്നു; രാഷ്ട്രീയമല്ലേ കാലാകാലം മാറിവരുമെന്ന് പ്രതികരണം

മാണി സി കാപ്പന്‍ ബിജെപിയോട് അടുക്കുന്നു; രാഷ്ട്രീയമല്ലേ കാലാകാലം മാറിവരുമെന്ന് പ്രതികരണം

പാലാ: ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി നല്‍കി പാലാ എംഎല്‍എ മാണി സി. കാപ്പന്‍. ഇന്ന് രാവിലെ ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ബിജെപി പ്രവേശനം ഉണ്ടായേക്കുമെന്ന സൂചനകളാണ് അദേഹം നല്‍കിയത്. കോട്ടയത്തെ പ്രധാനപ്പെട്ട ഒരു ക്രിസ്ത്യന്‍ എംഎല്‍എ ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്.

മാണി സി. കാപ്പന്‍ ഇന്ന് രാവിലെ ചാനലുകളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു- രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരും. ബിജെപിയിലേക്ക് ഇപ്പോള്‍ പോകുമോ എന്ന ചോദ്യത്തിന് പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. അവസരം കിട്ടിയാല്‍ പോകുമോ എന്നു ചോദിച്ചപ്പോള്‍ അവസരം എല്ലാവര്‍ക്കും വരില്ലേ എന്നായിരുന്നു കാപ്പന്റെ പ്രതികരണം.

ഇത്രയും കാലം യുഡിഎഫിലുണ്ടായിരുന്ന ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തു വന്നുവെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

കാപ്പന്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. യുഡിഎഫ് നേതൃത്വം തന്നെ പരിഗണിക്കുന്നില്ലെന്ന പരാതി തുടക്കം മുതല്‍ കാപ്പന് ഉണ്ട്. കെപിസിസി നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ തുടക്കത്തില്‍ ശ്രമം നടന്നിരുന്നെങ്കിലും ഇപ്പോള്‍ ബന്ധം കൂടുതല്‍ വഷളാകുകയാണ് ചെയ്തത്.

യുഡിഎഫിന്റെ പരിപാടികളില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തുകയാണെന്ന് കാപ്പന്‍ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു. പലതവണ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പാലായില്‍ ജോസ് കെ.മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി. കാപ്പന്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ് കാപ്പന്‍ എന്‍സിപി വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.