ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇ.ഡി സംഘം ചോദ്യം ചെയ്തത്.
സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചുവെന്നാണ് ഇ.ഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയാ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സോണിയയുടെ ചോദ്യം ചെയ്യല്‍. ഒരാഴ്ച മുമ്പാണ് സോണിയയെ ആദ്യമായി ഇ.ഡി ചോദ്യം ചെയ്തത്.
വലിയ പ്രതിഷേധമാണ് ഇ.ഡി നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. എന്നാലിക്കാര്യങ്ങളില്‍ തനിക്ക് വ്യക്തതയില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയതെന്നാണ് വിവരം.
സോണിയയുടെ ചോദ്യം ചെയ്യലില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നത് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. എഐസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങി നേതാക്കളും കലഹം മറന്ന് എത്തി. ആരോഗ്യ പ്രശ്നങ്ങള്‍ പോലും പരിഗണിക്കാതെയാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നും ഇത് ഉചിതമായ നടപടിയല്ലെന്നും മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.
''എന്തിനാണ് ആ പാവം സ്ത്രീയെ ഇങ്ങനെ ഉപദ്രവിക്കുന്നത്?'' എന്നായിരുന്നു മുന്നില്‍ അദ്ദേഹം ചോദിച്ചത്. ''യുദ്ധത്തില്‍ പോലും രോഗികളെയും സ്ത്രീകളെയും ഉപദ്രവിക്കരുതെന്നാണ് നിയമം. യുദ്ധത്തിലെ അടിസ്ഥാന നിയമമാണിത്. ഇക്കാര്യം സര്‍ക്കാരും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മനസിലാക്കണം. രോഗിയായ സ്ത്രീയെ പിന്നാലെ നടന്ന് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
സോണിയയെ ചോദ്യം ചെയ്യുന്നതല്ല കേന്ദ്രം നിയമം ദുരുപയോഗം ചെയ്യുന്നതാണ് വിഷയമെന്ന് ആനന്ദ് ശര്‍മ്മയും കുറ്റപ്പെടുത്തി. നിയമം ജനങ്ങളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നു. ജനാധിപത്യത്തില്‍ എതിരാളികള്‍ ഉണ്ടാകും. എന്നാല്‍ ഈ നടപടി അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.