മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ വിചാരണ നീണ്ടുപോയത് ശരിയായ നടപടിയല്ല; അനിഷ്ടം പ്രകടിപ്പിച്ച് ഹൈക്കോടതി

മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ വിചാരണ നീണ്ടുപോയത് ശരിയായ നടപടിയല്ല; അനിഷ്ടം പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് മന്ത്രി ആന്റണി രാജുവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നീണ്ടുപോയത് ഗൗരവമേറിയ വിഷയമാണെന്നു ഹൈക്കോടതി. ഹര്‍ജി പരിഗണിക്കവേ എങ്ങനെയാണ് വിചാരണ നീണ്ടുപോയതെന്നും ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാന്‍ വാക്കാല്‍ ചോദിച്ചു. കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ വാദിച്ചെങ്കിലും സിംഗിള്‍ബെഞ്ച് അംഗീകരിച്ചില്ല. പൊതുജനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ നിയമാനുസൃതമായി ഇടപെടാനാവുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. അടിവസ്ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയ കേസില്‍ അറസ്റ്റിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ മാറ്റം വരുത്തിയെന്ന കേസില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ തൊണ്ടി ക്ലാര്‍ക്കായിരുന്ന ജോസിനുമെതിരെ 16 വര്‍ഷം മുമ്പ് കുറ്റപത്രം നല്‍കിയിരുന്നു.

2014 ല്‍ നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് കുറ്റപത്രം കൈമാറിയെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയില്ല. വിചാരണ നീളുന്നത് നീതി നിര്‍വഹണത്തിലെ പോരായ്മയാണെന്നും വിചാരണ വേഗത്തിലാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് വട്ടുകുളം ഹര്‍ജി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.