കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് അരങ്ങുണരും; മത്സരങ്ങള്‍ നാളെ മുതല്‍

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് അരങ്ങുണരും; മത്സരങ്ങള്‍ നാളെ മുതല്‍

ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. 214 അംഗ സംഘമാണ് ഇന്ത്യയ്ക്കായി ബിര്‍മിങ്ഹാമില്‍ മല്‍സരിക്കാനിറങ്ങുക. കഴിഞ്ഞ തവണ നേടിയ 26 സ്വര്‍ണ മെഡലുകളെന്ന നേട്ടം മെച്ചപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വനിത ക്രിക്കറ്റിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറ്റവും ഇക്കുറി കാണാം.

ഉദ്ഘാടന ചടങ്ങില്‍ പിവി സിന്ധു ഇന്ത്യയുടെ പതാകയേന്തും. ഒളിമ്പ്യന്‍ നീരജ് ചോപ്ര പരിക്കേറ്റ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് സിന്ധുവിന് അവസരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്തില്‍ ഇന്ത്യന്‍ പതാകയേന്തുന്നത്.

2016ലെ റിയോ ഒളിമ്പിക്സിലും 2020ലെ ടോക്കിയോ ഒളിമ്പിക്സിലും മെഡല്‍ നേടിയ സിന്ധു 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ആദ്യമായി ഇന്ത്യന്‍ പതാകയേന്തിയത്. സിന്ധുവിനൊപ്പം ഭാരോദ്വഹന താരം മീരാഭായ് ചാനുവിനേയും ബോക്സര്‍ ലോവ്ലിന ബോര്‍ഗോഹെയ്നും പതാകയേന്തുന്നതിനായി പരിഗണിച്ചിരുന്നു.

കോണ്‍മണ്‍വെല്‍ത്ത് ഗെയിംസ് ഇംഗ്ലണ്ടിലേയ്‌ക്കെത്തുന്നത് 19 വര്‍ഷത്തിന് ശേഷം. കായിക കുതിപ്പിന് വേദിയാകുന്നത് ബിര്‍മിങ്ഹാമിലെ പതിനഞ്ച് സ്റ്റേഡിയങ്ങളാണ്. 11 ദിവസം 280 ഇനങ്ങളിലായി മൂവായിരത്തിലേറ കായിക താരങ്ങള്‍ മല്‍സരിക്കും. 54 രാജ്യങ്ങളും 18 ടെറിട്ടറികളുമാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.

വനിത ട്വന്റി 20 ക്രിക്കറ്റും ജൂഡോയും 3x3 ബാസ്‌ക്കറ്റ്‌ബോളുമാണ് ഇക്കുറി ഗെയിംസിലെ പുതുമുഖങ്ങള്‍. അത്‌ലറ്റിക്‌സിന് പുറമേ ഗുസ്തി, ബോക്‌സിങ്, വെയിറ്റ് ലിഫ്റ്റിങ്, ടേബിള്‍ ടെന്നിസ് എന്നിവയും ഇന്ത്യ കരുത്തുതെളിയിക്കാന്‍ കാത്തിരിക്കുന്ന ഇനങ്ങള്‍. നീരജ് ചോപ്രയുടെ അഭാവം തിരിച്ചടിയാണെങ്കിലും ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്ന് പത്തു മെഡലെങ്കിലും ഇന്ത്യ പ്രതീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.