ഫുജൈറയില്‍ കനത്ത മഴ, വെളളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി സൈന്യം

ഫുജൈറയില്‍ കനത്ത മഴ, വെളളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി സൈന്യം

ഫുജൈറ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച സാമാന്യം പരക്കെ മഴ ലഭിച്ചു. ഫുജൈറയില്‍ കനത്ത മഴയില്‍ റോഡിലും പരിസരപ്രദേശങ്ങളിലുമൊക്കെ വെളളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇതേ തുടർന്ന് ബുദ്ധിമുട്ടിലായവർക്ക് ഓപ്പറേഷന്‍ ലോയല്‍ ഹാന്‍ഡ്സും സിവില്‍ അധികൃതരും സഹായമേകി. പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. രക്ഷാ പ്രവർത്തനത്തിന്‍റെ ചിത്രങ്ങളും ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്.


രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലകളിലാണ് മഴ കൂടുതല്‍ ലഭിച്ചത്. ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്. ഫുജൈറയിലും മഴക്കെടുതി നേരിടുന്ന മറ്റ് പ്രദേശങ്ങളിലും രക്ഷാ പ്രവർത്തന സംഘങ്ങളെ വിന്യസിക്കാന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഭ്യന്തരമന്ത്രാലയത്തോട് നിർദ്ദേശിച്ചു.

അടിയന്തരസാഹചര്യം നേരിടുന്നതിന് നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്‍റ് അതോറിറ്റിയുമായി ഏകോപിപ്പിച്ചുളള പ്രവർത്തനത്തിന് പോലീസ് - സിവില്‍ ഡിഫന്‍സ് സംഘം സജ്ജമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.


റാസല്‍ ഖൈമയിലെ മിക്ക വാദികളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. വാദികളിലെ വെളളക്കെട്ടുകളുടെ വീഡിയോയും ചിത്രങ്ങളും സ്റ്റോം സെന്‍റർ പങ്കുവച്ചിട്ടുണ്ട്. അതേസമയം മഴക്കെടുതി രൂക്ഷമായ ഇടങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുളള അനുമതി വിവിധ സർക്കാർ വകുപ്പുകളും സ്വകാര്യ കമ്പനികളും നല്‍കിയിട്ടുണ്ട്. 

വ്യാഴാഴ്ചയും രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അസ്ഥിര കാലാവസ്ഥ കാഴ്ചപരിധി കുറച്ചേക്കാം. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.