വീണ്ടും പലിശ നിരക്ക് ഉയർത്താൻ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

വീണ്ടും പലിശ നിരക്ക് ഉയർത്താൻ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

മെയിലും ജൂണിലും പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. രണ്ട് തവണകളിലുമായി 90 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് വരുത്തിയത്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അടുത്ത ആഴ്ച ഇക്കാര്യവുമായി ബന്ധപ്പെട്ട പുതിയ വായ്പ നയം പ്രഖ്യാപിക്കും.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയാല്‍ പിന്നീലെ രാജ്യത്തെ പൊതുമേഖലാ - സ്വകാര്യ ബാങ്കുകളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടും. വീട്, വാഹന വായ്പാ പലിശ നിരക്കുകള്‍ ഇതിനെ അടിസ്ഥാനമാക്കി ഉയരും.
ഉപഭോക്തൃ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയതോടെയാണ് മെയ് മാസത്തിലും ജൂണിലും ഇതിന് മുന്‍പ് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. ഒറ്റയടിക്കുള്ള വലിയ വര്‍ധന ഒഴിവാക്കുകയെന്ന് ലക്ഷ്യമിട്ട് ഘട്ടം ഘട്ടമായി പലിശ നിരക്ക് ഉയര്‍ത്തുകയാണ് കേന്ദ്ര ബാങ്ക്.

പണപ്പെരുപ്പം 6.7 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ഈ സാമ്പത്തിക വ‍ര്‍ഷം ആര്‍ബിഐയുടെ ശ്രമം. ഉക്രൈന്‍ റഷ്യ യുദ്ധം, എണ്ണ വിലയിലെ വര്‍ധന അങ്ങനെ നിലവിലെ ഘടകങ്ങളെല്ലാം വിലക്കയറ്റം രൂക്ഷമാക്കുമ്പോഴാണ് പണ ലഭ്യത കുറയ്ക്കാനുള്ള നടപടി റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.