എട്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിച്ചത് 22.05 കോടി യുവാക്കള്‍; കേന്ദ്രം ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക്

എട്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിച്ചത് 22.05 കോടി യുവാക്കള്‍; കേന്ദ്രം ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക്

ന്യൂഡൽഹി: രാജ്യത്ത് എട്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിച്ചത് 22.05 കോടി യുവാക്കള്‍. എന്നാൽ കേന്ദ്രം ഇതുവരെ ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക് മാത്രമാണ്. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ ഉള്ള എട്ടുവർഷത്തിനിടെയിലെ കണക്കാണ് കേന്ദ്ര പഴ്സനൽ മന്ത്രാലയ സഹമന്ത്രി ജിതേന്ദ്ര സിങ് പുറത്ത് വിട്ടത്.

ലോ‌ക്‌സഭയിൽ എഴുതി തയാറാക്കിയ മറുപടിയിലാണ്  ജിതേന്ദ്ര സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ കണക്ക് പ്രകാരം 2014 മുതൽ 2022 വരെയുള്ള കണക്കനുസരിച്ച് സർക്കാർ ജോലി ലഭിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2014–2015 വർഷത്തിൽ 1,30,423 പേർക്കാണ് കേന്ദ്രം നിയമനം നൽകിയത്. 2015–2016 ൽ 1,11,807 പേർ, 2016–2017 ൽ 1,01,333 പേർ എന്നിങ്ങനെയാണ് സർക്കാർ നിയമനം ലഭിച്ചവരുടെ എണ്ണം. 2018–2019 ൽ സർക്കാർ ജോലി ലഭിച്ചവരുടെ എണ്ണം 38,100 ആയി ചുരുങ്ങി. 2019–2020 ൽ 1,47,096 പേർക്കും 2020–2021 ൽ 78,555 പേർക്കും നിയമനം നൽകി. 2021–2022 കാലയളവിൽ 38,850 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണന നൽകുന്നതായി ജിതേന്ദ്ര സിങ് ലോക്‌സഭയിൽ പറഞ്ഞു.

സർക്കാർ ജോലിക്കായി ഏറ്റവും കൂടുതൽ ആളുകൾ അപേക്ഷിച്ചത് 2018–2019 കാലഘട്ടത്തിൽ ആയിരുന്നു. 5.09 കോടി.
ഏറ്റവും കുറവ് 2020–2021 കാലഘട്ടത്തിലും. 1.80 കോടി. 2014 മുതൽ ഓരോവർഷവും ശരാശരി 2.75 കോടി അപേക്ഷകളാണ് സർക്കാർ ജോലിക്കായി ലഭിക്കുന്നതെങ്കിലും നിയമനത്തിന് യോഗ്യത ലഭിക്കുന്നവരുടെ എണ്ണം ശരാശരി ഒരു ലക്ഷത്തിൽ താഴെയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത ഒന്നര വർഷത്തിനകം രാജ്യത്തു 10 ലക്ഷം തൊഴിലവസരം ഒരുക്കാൻ  വിവിധ സർക്കാർ വകുപ്പുകൾക്കു ജൂണിൽ നിർദേശം നൽകിയിരുന്നു. ദൗത്യമായി കണക്കാക്കി മന്ത്രാലയങ്ങളും വകുപ്പുകളും നിയമനങ്ങൾ നൽകണമെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശം. എട്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായണ് സർക്കാർ തീരുമാനം.

18 മാസത്തിനകം 10 ലക്ഷം തൊഴിലുകൾ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പ് മേധാവികളുമായി മോഡി ചർച്ച നടത്തിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.  തൊഴിലില്ലായ്മ വലിയ പ്രശ്നമാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഇടപെടൽ.



അതേസമയം മോഡി ഭരണത്തിൽ തൊഴിലില്ലായ്മ ഗണമ്യമായി വർധിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. വിവിധ മേഖലകളിലായി 60 ലക്ഷം ജോലി ഒഴിവുകൾ വെറുതെ കിടക്കുന്നെന്ന ഗുരുതര ആരോപണവുമായി ബിജെപി എംപി വരുൺ ഗാന്ധിയും ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതെല്ലാം മോഡി സർക്കാരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.