മംഗളൂരു കൊലപാതകങ്ങളുടെ തിരിച്ചടി കേരളത്തില്‍ ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; മൂന്നു ജില്ലകളില്‍ കനത്ത പൊലീസ് കാവല്‍

മംഗളൂരു കൊലപാതകങ്ങളുടെ തിരിച്ചടി കേരളത്തില്‍ ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; മൂന്നു ജില്ലകളില്‍ കനത്ത പൊലീസ് കാവല്‍

കാസര്‍ഗോഡ്: മംഗളൂരുവില്‍ ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കേരളത്തിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കയില്‍ പൊലീസ്. 48 മണിക്കൂറില്‍ ഇരുവിഭാഗത്തു നിന്നുമായി രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടതോടെ വടക്കന്‍ കേരളത്തില്‍ പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ കൊലയില്‍ മലയാളികള്‍ പങ്കെടുത്തിട്ടുണ്ടെന്ന വിവരവും പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. കേരളത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.

സുരക്ഷ ശക്തമാക്കിയ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ചെക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മംഗളൂരുവിലെ സൂറത്കലിലാണ് കഴിഞ്ഞ ദിവസം രാത്രി യുവാവ് കൊല്ലപ്പെട്ടത്.

കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ മംഗളൂരു പൊലീസ് കമ്മീഷണര്‍ കര്‍ണാടക പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഇരു സംസ്ഥാനങ്ങളും പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ ഒരു തീവ്ര മുസ്ലീം സംഘടന കര്‍ണാടകയില്‍ അശാന്തി വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചിരുന്നു. എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ണാടക കേന്ദ്രത്തിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘമാണ് കഴിഞ്ഞ ദിവസം മംഗളൂരുവിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മംഗലൂരുവില്‍ പൊലീസ് ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളജുകളും അടച്ചു. മദ്യശാലകളും പ്രവര്‍ത്തിക്കില്ല. നിരീക്ഷണത്തിനായി 19 താല്‍ക്കാലിക ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

രാത്രി 10 നുശേഷം ഒഴിവാക്കാനാകാത്ത അത്യാവശ്യ യാത്ര മാത്രമേ അനുവദിക്കൂവെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലകള്‍ക്ക് പുറമേ കേരള അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ 21 പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള അതിര്‍ത്തിയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.