ഗ്രാമീണപാതകള്‍ക്കായി 'ഗ്രാമ വണ്ടി' തയ്യാര്‍; ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു

ഗ്രാമീണപാതകള്‍ക്കായി 'ഗ്രാമ വണ്ടി' തയ്യാര്‍; ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമവണ്ടി പദ്ധതിയ്ക്ക് തുടക്കമായി. കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിക്കാണ് ഇന്ന് തുടക്കമായത്. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.

ആദ്യ സര്‍വീസ് പാറശാല കൊല്ലയില്‍ പഞ്ചായത്തില്‍ മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെഎസ്ആര്‍ടിസി നല്‍കും. കേരളത്തിലെ ഉള്‍നാടന്‍ മേഖലയിലെ പൊതുഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയില്‍ പഞ്ചായത്തില്‍ ആരംഭിക്കുന്ന പദ്ധതി മറ്റ് ജില്ലകളിലും ഉടന്‍ നടപ്പില്‍ വരുത്തും. തിരുവനന്തപുരം നഗരസഭ ഉള്‍പ്പെടെ നിരവധി തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകര്‍ ഐ.എ.എസ്, കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.എസ് നവനീത് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.