വിലക്കയറ്റം: ഓഗസ്റ്റ് അഞ്ചിന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം; പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും

വിലക്കയറ്റം: ഓഗസ്റ്റ് അഞ്ചിന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം; പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും

ന്യൂഡല്‍ഹി: ഓഗസ്റ്റ് അഞ്ചിന് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോപം നടത്തും. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയും ഉപരോധിക്കും. രാവിലെ രാഷ്ട്രപതി ഭവനിലേക്കും ലോക്‌സഭയിലേയും രാജ്യസഭയിലേയും എം.പി.മാര്‍ മാര്‍ച്ച് നടത്തും. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും സമരത്തില്‍ പങ്കെടുക്കും.

ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും അധ്യക്ഷയുമായ സോണിയ ഗാന്ധിക്കെതിരേ ബി.ജെ.പി നേതാക്കള്‍ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നത് അടക്കമുള്ള സമരത്തിലേക്ക് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

രാജ്ഭവന്‍ ഉപരോധത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എം.എല്‍.എമാരും എം.എല്‍.സിമാരും മുന്‍ എം.പിമാരും പങ്കെടുക്കും. ഒപ്പം മണ്ഡലം, ബ്ലോക്ക്, ജില്ലാതലങ്ങളിലും പ്രക്ഷോഭം സംഘടിപ്പിച്ച് നേതാക്കളും ജനപ്രതിനിധികളും അറസ്റ്റു വരിക്കാന്‍ ഹൈക്കമാന്‍ഡ് പി.സി.സി അധ്യക്ഷന്മാര്‍ക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പോഷക സംഘടനാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കി.

പെട്രോളിനും ഡീസലിനും അവശ്യസാധനങ്ങള്‍ക്കും വന്‍ വിലക്കയറ്റം ഉണ്ടായിട്ടും അതു പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഇതുവരെ തയ്യാറാകാതെ ജനശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം ഭയാനകമാണെന്നും അതിനാലാണ് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.