കോട്ടയം: പാലായുടെയും മീനച്ചിലിന്റെയും സിറോ മലബാര്‍ സഭയുടെയും പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന പ്രവാസികളെക്കുറിച്ച് സന്തോഷവും അഭിമാനവുമുണ്ടെന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ പ്രവാസി അപ്പോസ്തലേറ്റിന്റെ പ്രവാസ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റങ്ങള്‍ പലപ്പോഴും അനിവാര്യമെങ്കിലും അനാവശ്യമായ കുടിയേറ്റങ്ങള്‍ ഒഴിവാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അഭിപ്രായത്തെ വിശദീകരിച്ച് കൊണ്ട് പാലാ രൂപതാ മെത്രാന്‍ പറഞ്ഞു. എല്ലാ കുടിയേറ്റങ്ങളും അനിവാര്യമല്ലെന്നും കുടിയേറ്റത്തില്‍ എല്ലാം വളരെ മനോഹരമാണെന്ന് കരുത്തരുതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
പാലാ രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കായും പഠനത്തിനായും സംരംഭകരായും ചേക്കേറിയിരിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി പാലാ പ്രവാസി അപ്പോസ്തലേറ്റ് കൊയ്നോനിയ 2022 എന്ന പേരില്‍ നടത്തപ്പെട്ട പ്രവാസി സംഗമത്തില്‍ വികാരി ജനറല്‍ ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. ജൂലൈ 30ന് ഭരണങ്ങാനം ചൂണ്ടച്ചേരി സെന്റ്‌ജോസഫ് എഞ്ചിനീയറിങ് കോളേജില്‍ നടത്തപ്പെട്ട സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 100 കണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു.
രാവിലെ 9.30ന് ഫാദര്‍ സിറിള്‍ തയ്യിലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന നടന്നു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ജനറല്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍, ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാദര്‍ റ്റെജി പുതുവീട്ടിക്കളം, ഷാജിമോന്‍ മങ്കുഴിക്കരി, ലിസി ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
ലിസി കെ ഫര്‍ണാണ്ടസ് ചിട്ടപ്പെടുത്തിയ പ്രവാസി അപ്പോസ്തലേറ്റ് ആന്തം ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രവാസ മേഖലയില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ വിതരണം ചെയ്തു.
തുടര്‍ന്ന് 10, 12 ക്ളാസുകളില്‍ A + നേടിയ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരം നല്‍കി. യോഗത്തെ തുടര്‍ന്ന് പല രാജ്യങ്ങളില്‍ നിന്നുള്ള വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.
ഡയറക്ടര്‍ ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍, അസി. ഡയറക്ടര്‍മാരായ ഫാദര്‍ ജോര്‍ജ് നെല്ലിക്കല്‍, ഫാദര്‍ മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി, മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ജൂട്ടസ് പോള്‍, സെക്രട്ടറി രജിത് മാത്യു വരിക്കാനിക്കല്‍, ട്രഷറര്‍ സോജിന്‍ ജോണ്‍ കല്ലുപുര, അസി. കോര്‍ഡിനേറ്റര്‍ സിവി പോള്‍, മീഡിയ കോര്‍ഡിനേറ്റര്‍ ലിസി ഫെര്‍ണാണ്ടസ്, ഷിനോജ് മാത്യു, ഐജു പൂത്തോട്ടേല്‍, ലൂയിസ് മൂക്കന്‍തോട്ടം തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.