മലയോര മേഖലകളില്‍ കനത്ത മഴയും കാറ്റും; കോഴിക്കോടും കോട്ടയത്തും മലവെള്ളപ്പാച്ചില്‍

മലയോര മേഖലകളില്‍ കനത്ത മഴയും കാറ്റും; കോഴിക്കോടും കോട്ടയത്തും മലവെള്ളപ്പാച്ചില്‍

തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത കാറ്റും മഴയും. കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ പലയിടത്തും മലവെള്ളപ്പാച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോട്ടയത്ത് മലയോര മേഖലകളില്‍ വൈകുന്നേരം മുതല്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. എരുമേലി വനത്തിനുള്ളില്‍ വൈകുന്നേരം ഉരുള്‍പൊട്ടി. തുമരംപാറത്തോട് കരകവിഞ്ഞൊഴുകുകയാണ്. പ്രദേശത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. എരുമേലി ഇരുമ്പൂന്നിക്കരയില്‍ തോട്ടില്‍ വെള്ളം ഉയര്‍ന്ന് കോഴി ഫാം ഒലിച്ചുപോയി. പലയിടത്തും കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതിബന്ധം താറുമാറായിട്ടുണ്ട്.

കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഉച്ചയ്ക്ക് ശേഷമായിരുന്നു മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. താഴ്ന്ന പ്രദേശത്തും പുഴയുടെ തീരത്തുള്ളവരോടും ജാഗ്രതപാലിക്കാന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പശ്ചിമഘട്ടത്തില്‍ എവിടെയെങ്കിലും ശക്തമായ മഴപെയ്തതിന്റെ സാഹചര്യത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതായിരിക്കാം എന്നുള്ള നിഗമനത്തിലാണ് റവന്യൂ വകുപ്പ്. തീരപ്രദേശത്തേക്ക് വെള്ളം കയറിയിട്ടില്ല. നിലവില്‍ ആരെയും മാറ്റിപാര്‍പ്പിച്ചിട്ടില്ല.

ഇടുക്കി ജില്ലയിലും രാത്രിയോടെ പലയിടത്തും കനത്ത മഴ ആരംഭിച്ചിട്ടുണ്ട്. പതുക്കെ തുടങ്ങിയ മഴ ശക്തി പ്രാപിച്ചതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. കുമളി, വണ്ടിപ്പെരിയാര്‍, ദേവികുളം എന്നിവിടങ്ങളിലെല്ലാം കനത്ത മഴയാണ് പെയ്യുന്നത്.

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ അതിശക്ത മഴയുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.