കൊച്ചി: കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാം ഘട്ടം ചര്‍ച്ച ചെയ്യാന്‍ കെ റെയില്‍ വിരുദ്ധ സമിതി ഇന്ന് കൊച്ചിയില്‍ യോഗം ചേരും. നേരിട്ടുള്ള സര്‍വേ ഒഴിവാക്കി ജിയോ ടാഗിംഗുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് യോഗം.
 
ഓണത്തിന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സമിതി ആസൂത്രണം ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളിലും തീരുമാനം ഇന്നുണ്ടാകും. എല്ലാ ജില്ലകളിലേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം സില്‍വര്‍ ലൈന്‍ സാമൂഹ്യ ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കി ഇറക്കും. കാലാവധി തീര്‍ന്ന ഒന്‍പത് ജില്ലകളില്‍ പുതിയ വിജ്ഞാപനം ഈ ആഴ്ച്ച ഇറക്കും. നിലവില്‍ പഠനം നടത്തിയ ഏജന്‍സികള്‍ക്ക് ഒപ്പം പുതിയ ഏജന്‍സികളെയും പരിഗണിക്കും. വീണ്ടും ആറു മാസം കാലാവധി നല്‍കിയാകും വിജ്ഞാപനം. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനിടെയാണ് സംസ്ഥാനം ചെയ്യാനുള്ള സാങ്കേതിക നടപടികള്‍ തുടരാന്‍ കേരളം തീരുമാനിച്ചിരിക്കുന്നത്. 
വിജ്ഞാപനം പുതുക്കുന്നത് കരുതലോടെ മതി എന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു. നിയമ വകുപ്പുമായി ആലോചിച്ചു തീരുമാനം എടുക്കാനാണ് റവന്യു വകുപ്പ് നീക്കം. 11 ജില്ലകളിലെ സര്‍വേക്കുള്ള കാലാവധി തീര്‍ന്നു. ഒരു ജില്ലയിലും നൂറു ശതമാനം സര്‍വേ തീര്‍ന്നിട്ടില്ല. 
നിലവിലെ വിജ്ഞാപനം റദ്ദാക്കണോ ഏജന്‍സികളെ നില നിര്‍ത്തണോ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും ആശയക്കുഴപ്പം ഉണ്ട്. കേന്ദ്രം ഉടക്കി നില്‍ക്കുമ്പോള്‍ ഇനി വിജ്ഞാപനം പുതുക്കിയിട്ട് കാര്യം ഉണ്ടോ എന്നും സംശയം ഉണ്ട്. അനുമതിയില്‍ അനിശ്ചിതത്വം നിലനില്‍ക്കേ കേന്ദ്രത്തെ  പഴിച്ചു വിവാദത്തെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.