അമേരിക്കയില്‍ 73 അനധികൃത കുടിയേറ്റക്കാരെ ഒളിപ്പിച്ച് താമസിപ്പിച്ച നിലയില്‍ വീടുകളില്‍ കണ്ടെത്തി

അമേരിക്കയില്‍ 73 അനധികൃത കുടിയേറ്റക്കാരെ ഒളിപ്പിച്ച് താമസിപ്പിച്ച നിലയില്‍ വീടുകളില്‍ കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ വടക്ക് പടിഞ്ഞാറന്‍ വാഷിങ്ടണിലെ ഒന്നിലേറെ വീടുകളിലായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ 73 കുടിയേറ്റക്കാരെ കണ്ടെത്തി. 13 കുട്ടികള്‍ ഉള്‍പ്പടെ മനുഷ്യക്കടത്തുകാര്‍ ഇവരെ അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഏറെക്കുറെ സമ്പന്നരായ ആളുകള്‍ താമസിക്കുന്ന മേഖലയിലാണ് ആരും അറിയാതെ ദിവസങ്ങളായി ഇവരെ ഇവിടെ ഒളപ്പിച്ച് താമസിപ്പിച്ചിരുന്നത്.

കുടിയേറ്റക്കാരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ വ്യക്തമല്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മനുഷ്യക്കടത്ത് തടയാന്‍ രൂപീകരിച്ച ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

ജോ ബൈഡന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം അമേരിക്കയുടെ കുടിയേറ്റ നയത്തില്‍ വരുത്തിയ മാറ്റങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബോട്ട് കുറ്റപ്പെടുത്തി. 'മാനുഷിക പ്രതിസന്ധി' എന്നാണ് വാഷിംഗ്ടണ്‍ മേയര്‍ മുരിയല്‍ ബൗസര്‍ ഇതിനെ വിശേഷിപ്പിച്ചത്.

അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി വഴിയാണ് രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റങ്ങള്‍ ഏറെയും നടക്കുന്നത്. മനുഷ്യക്കടത്ത് ശൃംഖലകള്‍ ഇവിടെ വളരെ സജീവമാണ്. കഴിഞ്ഞ മാസം ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ ട്രെയിലറിനുള്ളില്‍ മൃഗസമാനമായ അവസ്ഥയില്‍ മനുഷ്യരെ കടത്തിയത് പൊലീസ് കണ്ടെത്തിയിരുന്നു.

അസഹനീയമായ ചൂട് ഏറ്റും ശ്വാസം കിട്ടാതെയും മരിച്ച 50 ലേറെ പേരുടെ മൃതദേഹം ട്രെയിലറിനുള്ളില്‍ നിന്നും പൊലീസ് പുറത്തെടുത്തിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നത്. ഏപ്രില്‍ മുതല്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി മനുഷ്യ കള്ളക്കടത്തുമായി ബന്ധപ്പെട്ട് 3,500 ലധികം അറസ്റ്റുകള്‍ നടന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.