കൊച്ചി: ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പല്‍ കൊച്ചിയില്‍ പൂര്‍ത്തിയായി. രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി. ഇന്ത്യ ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പടക്കപ്പല്‍- ഐഎന്‍എസ് വിക്രാന്ത്. വിമാനവാഹിനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയെന്ന നേട്ടം കൊച്ചി ഷിപ്യാഡ് സ്വന്തമാക്കി.
വിക്രാന്തവീര്യം ഇന്ത്യന്‍ നാവികക്കരുത്തിന്റെ വിളംബരമാകാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം മതി. ഷിപ്യാഡില്‍ നിര്‍മാണം പൂര്‍ത്തിയായ വിക്രാന്ത് കഴിഞ്ഞ ദിവസം നാവികസേനയ്ക്കു കൈമാറി.
ഓഗസ്റ്റില്‍ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിനു തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനു സമര്‍പ്പിക്കുന്നതോടെ നാവികസേനയുടെ രേഖകളില്‍ ഐഎസി1 (ഇന്‍ഡിജ്‌നസ് എയര്‍ ക്രാഫ്റ്റ് കാരിയര്‍1) എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎന്‍എസ് വിക്രാന്ത് ആകും.
ഇതോടെ തദ്ദേശീയമായി വിമാനവാഹിനി രൂപകല്‍പന ചെയ്തു നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും. കപ്പലിനുള്ളില്‍ എട്ട് കിലോമീറ്ററോളം ദൂരം നടക്കണം വിക്രാന്തിനെ ഒന്നു കണ്ടറിയാന്‍.
333 നീലത്തിമിംഗലങ്ങളുടെ വലുപ്പം. ഉള്ളില്‍ 684 ഏണികള്‍, പതിനായിരത്തോളം പടവുകള്‍. കപ്പലിനുള്ളില്‍ ബോട്ടുകള്‍ ഓടിക്കാനും പരിശീലനം നടത്താനുമുള്ള സംവിധാനവും ഉണ്ട്.
വിക്രാന്ത് മലിനജലം പുറന്തള്ളില്ല, മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെ ശുദ്ധജലമാക്കി പുനരുപയോഗിക്കാനുള്ള അത്യാധുനിക ട്രീറ്റ്‌മെന്റ് പ്ലാന്റ് കപ്പലിലുണ്ട്. ഓക്‌സിജന്‍, നൈട്രജന്‍ പ്ലാന്റുകള്‍ എന്നിവയും ഉണ്ട്.
മിലിറ്ററി ഉപഗ്രഹങ്ങളും സാറ്റലൈറ്റ് ഫോണുകളും മുഖേന ലോകത്തെവിടെയുള്ളവരുമായും അനായാസം ആശയവിനിമയം നടത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.