സംസ്ഥാനത്ത് നാല് ദിവസം തീവ്രമഴ മുന്നറിയിപ്പ്: അണക്കെട്ടുകള്‍ തുറക്കുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് നാല് ദിവസം തീവ്രമഴ മുന്നറിയിപ്പ്: അണക്കെട്ടുകള്‍ തുറക്കുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതിതീവ്രമഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി.

കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ് എന്ന യുവാവുമാണ് മരിച്ചത്.

മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലുമാണ് ഇന്നു മഴ സാധ്യത കൂടുതല്‍. ചൊവ്വാഴ്ച മുതല്‍ മഴ ഒന്നു കൂടി ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത കൂടുതലാണ്. വനമേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. ഇതു ന്യൂനമര്‍ദമായി മാറിയേക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തമായ മഴയ്ക്ക് അനുകൂലമാണ്. ശക്തമായ കാറ്റിനൊപ്പം കടല്‍ക്ഷോഭത്തിനും സാധ്യത ഉണ്ട്. കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയില്‍ പാലം വെള്ളത്തിനടിയിലായി.

ഇന്നലെ വൈകുന്നേരം പെയ്ത മഴയില്‍ മൂന്നിലവ് ടൗണും വെള്ളത്തിനടിയിലായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി മൂലമറ്റത്ത് ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. മൂന്നുങ്കവയല്‍, മണപ്പാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരം കല്ലാര്‍ മീന്‍മുട്ടിയില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചു.

നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെയും സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഇടുക്കിയും മുല്ലപ്പെരിയാറും അടക്കമുള്ള ജില്ലയിലെ പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. നിലവില്‍ പാംബ്ല, കല്ലാര്‍ക്കുട്ടി, പൊന്മുടി, മലങ്കര എന്നീ അണക്കെട്ടുകള്‍ തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയോട് അടുത്തു തുടങ്ങി. നിലവിലെ റൂള്‍കര്‍വ് അനുസരിച്ച് 136.3 അടിയാണ് സംഭരിക്കാവുന്ന ജലം.

ശനിയാഴ്ച വൈകീട്ട് ഏഴിന് ജലനിരപ്പ് 135.4 അടിയിലെത്തിയപ്പോള്‍ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 135.80 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാറിനൊപ്പം ഇടുക്കി അണക്കെട്ടും ബ്ലൂ അലര്‍ട്ടിനരികെയാണ്. 2367.68 അടിയാണ് നിലവിലെ ജലനിരപ്പ്. ഈ നിലയില്‍ മഴ പെയ്താല്‍ ഇന്നോ നാളെയോ ബ്ലീ അലര്‍ട്ട് പ്രഖ്യാപിച്ചേക്കും.


മണ്ണിടിച്ചിലിന് സാധ്യത

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. നദികള്‍, ജലാശയങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. കടലില്‍ ഇറങ്ങരുത്. രാത്രി യാത്രകളും വിനോദ സഞ്ചാര യാത്രകളും പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങള്‍ വേഗത കുറച്ച് പോകണമെന്നും നിര്‍ദേശമുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അങ്കണവാടികള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കു ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുനലൂര്‍ താലൂക്കിലെ അഞ്ചല്‍ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.